കേന്ദ്രം പുതുതായി കൊണ്ടുവന്ന ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ അലോപ്പതി ഡോക്ടർമാർ ഇന്നലെ രാജ്യവ്യാപകമായി പണിമുടക്കിലായിരുന്നു. ലോക്സഭ ഇക്കഴിഞ്ഞ തിങ്കളാഴ്ച പാസാക്കിയ ബില്ലിലെ ചില സുപ്രധാന വകുപ്പുകൾ മെഡിക്കൽ രംഗത്തിന് കനത്ത ദോഷം ചെയ്യുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിലപാട്. വേണ്ടത്ര ചർച്ച ചെയ്യാതെയും വിദഗ്ദ്ധാഭിപ്രായം ക്ഷണിക്കാതെയും ധൃതിപിടിച്ച് ബില്ല് പാസാക്കിയതിൽ ഡോക്ടർമാർക്ക് മാത്രമല്ല, പൊതുജനങ്ങളിൽ നല്ലൊരു വിഭാഗത്തിനും ശക്തമായ പ്രതിഷേധമുണ്ട്. ലോക്സഭയിൽ നല്ല ഭൂരിപക്ഷമുള്ളതിനാൽ ഭരണകക്ഷിക്കാർ ആഗ്രഹിക്കുന്ന തരത്തിൽ ഏത് നിയമനിർമ്മാണവും ഇപ്പോൾ സാദ്ധ്യമാണ്. രാജ്യസഭയിൽ ഇതുവരെ തനിച്ച് ഭൂരിപക്ഷം ആയിട്ടില്ലെങ്കിലും പ്രതിപക്ഷത്തെ അനൈക്യം മുതലെടുക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നുമുണ്ട്. ഏറെ വിവാദവും പ്രതിഷേധവും ഉയർത്തിയ മുത്തലാഖ് ബിൽപോലും രാജ്യസഭ കഴിഞ്ഞദിവസം അനായാസം പാസാക്കിയത് പരിശോധിച്ചാലറിയാം പ്രതിപക്ഷത്തെ അനൈക്യവും ഗതികേടും.
ഇന്നലെ നടന്ന ഡോക്ടർമാരുടെ ഒരുദിവസത്തെ സൂചനാപണിമുടക്ക് രാജ്യത്തൊട്ടാകെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അമ്പേ താളംതെറ്റിച്ചിരുന്നു. അത്യാഹിത വിഭാഗത്തെയും അടിയന്തര ശസ്ത്രക്രിയാവിഭാഗത്തെയും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളെയും മാത്രമാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയത്. ഒ.പി വിഭാഗംപോലും പൂർണമായും മുടങ്ങിയതിനാൽ രോഗികൾക്ക് നേരിടേണ്ടിവന്ന ദുരിതം പറഞ്ഞാൽ തീരില്ല.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥാനത്ത് ദേശീയ മെഡിക്കൽ കൗൺസിൽ കൊണ്ടുവരാൻ മോദി സർക്കാർ ശ്രമം തുടങ്ങിയിട്ട് രണ്ടുവർഷമായി. 2017 ഡിസംബറിൽ ഇതിനായി ബിൽ കൊണ്ടുവന്നെങ്കിലും പാസാക്കാൻ കഴിഞ്ഞില്ല. ലോക്സഭയുടെ കാലാവധി തീർന്നതോടെ ബില്ലും ലാപ്സായി. ഇക്കുറി ബിൽ അവതരിപ്പിച്ച് ഉടൻതന്നെ പാസാക്കിയെടുക്കാൻ സർക്കാരിന് കഴിഞ്ഞത് സഭയിൽ വലിയ ഭൂരിപക്ഷമുള്ളതുകൊണ്ടാണ്. ബില്ലിനെതിരെ ഡോക്ടർമാർ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
വൈദ്യശാസ്ത്രത്തിനും രോഗികളുടെ പൊതുവായ ക്ഷേമത്തിനും വിഘാതമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതിന്റെ പേരിലാണ് ഡോക്ടർമാരുടെ ദേശീയ സംഘടനയായ ഐ.എം.എ പുതിയ നിർമ്മാണത്തെ എതിർക്കുന്നത്. മൻമോഹൻ സർക്കാരിന്റെ കാലത്തും മെഡിക്കൽ വിദ്യാഭ്യാസ മേഖലയേയും ചികിത്സാരംഗത്തെയും നിയന്ത്രിക്കാൻ ഉദ്ദേശിച്ച് നിയമനിർമ്മാണം നടത്താൻ ശ്രമമുണ്ടായതാണ്. അന്നും ഇതിനെതിരെ വലിയ പ്രതിഷേധ കോലാഹലങ്ങളുണ്ടായി. 2017 ൽ മോദി സർക്കാർ കൊണ്ടുവന്ന ബിൽ പാർലമെന്ററി സമിതിയിലേക്ക് അയച്ചശേഷം പിന്നീട് വെളിച്ചം കണ്ടില്ല. ഇക്കുറി ഏതായാലും സർക്കാരിന്റെ ദൃഢനിശ്ചയം ബില്ലിനെ കരകയറ്റി എന്നുപറയാം.
രാജ്യത്തെ മെഡിക്കൽ മേഖലയെ മൊത്തത്തിൽ ബാധിക്കുന്ന പുതിയൊരു നിയമ നിർമ്മാണത്തിനൊരുങ്ങുമ്പോൾ വരും വരായ്കകളെപ്പറ്റി ആഴത്തിലുള്ള ചിന്തയും പഠനവും ആവശ്യമാണ്. നിലവിലുള്ള മെഡിക്കൽ കൗൺസിലിനെതിരെ വർഷങ്ങളായി ആരോപണങ്ങളുള്ളതിനാൽ അതിന്റെ സ്ഥാനത്ത് പുതിയൊരു സമിതി അനിവാര്യമായിരുന്നുവെന്ന് സമ്മതിക്കാമെങ്കിലും പുതിയ സംവിധാനം ന്യൂനതകളില്ലാത്തതും പൊതുവെ സ്വകാര്യവുമാകാൻ പ്രത്യേക നിഷ്കർഷ പുലർത്തണമായിരുന്നു. നിർദ്ദിഷ്ട ദേശീയ മെഡിക്കൽ കമ്മിഷനെതിരെ ഡോക്ടർമാരിൽ നിന്ന് ഉയർന്നിട്ടുള്ള ആക്ഷേപങ്ങളിൽ പലതും കാമ്പുള്ളവയാണ്. പി.ജി പ്രവേശനത്തിന് നിലവിലുള്ള 'നീറ്റ്" സംവിധാനം ഉപേക്ഷിച്ച് പുതുതായി 'എക്സിറ്റ് ടെസ്റ്റ്" ഏർപ്പെടുത്താനുള്ള നീക്കവും ശക്തമായ എതിർപ്പിനിടയാക്കിയിട്ടുണ്ട്. ക്ളേശകരമായ അനവധി കടമ്പകൾ കടന്നാണ് വിദ്യാർത്ഥികൾ എം.ബി.ബി.എസ് കോഴ്സ് പഠനം പൂർത്തിയാക്കി പുറത്തുവരുന്നത്.
അവർക്ക് തുടർന്ന് പ്രാക്ടീസ് ചെയ്യണമെങ്കിൽ 'എക്സിറ്റ് " പരീക്ഷകൂടി കടക്കണമെന്നാണ് പുതിയ നിബന്ധന. അതുപോലെ പി.ജി പ്രവേശനത്തിന് 'നീറ്റി"നുപകരം ''എക്സിറ്റ് " മതിയെന്ന തീരുമാനവും വിവാദമായിരിക്കുകയാണ്. ഡോക്ടർമാരെ ഏറെ ചൊടിപ്പിക്കുന്ന മറ്റൊന്ന് ആശുപത്രികളിലെ പാരാമെഡിക്കൽ വിഭാഗങ്ങളിൽ ജോലി നോക്കുന്നവർക്കും പരിമിതമായ തോതിൽ രോഗികളെ ചികിത്സിക്കാനുള്ള അനുമതി നൽകാനുള്ള ബില്ലിലെ വ്യവസ്ഥയാണ്. ഇതനുസരിച്ച് കാര്യങ്ങൾ നീങ്ങിയാൽ മെഡിക്കൽ രംഗത്ത് വലിയ ആപത്താകും ഉണ്ടാകാൻ പോകുന്നതെന്നാണ് ഐ.എം.എയുടെ നിലപാട്.
മുൻപും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇതുപോലുള്ള നീക്കങ്ങൾ ഉണ്ടായപ്പോൾ ഡോക്ടർമാർ സമരം ചെയ്ത് അത് പരാജയപ്പെടുത്തിയ കാര്യം ഒാർമ്മയിലുണ്ട്. ഡോക്ടർമാരുടെ കുറവുണ്ടെങ്കിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ തുടങ്ങുകയാണ് വേണ്ടത്. മുറിവൈദ്യന്മാരെ സൃഷ്ടിച്ച് രോഗികളുടെ ജീവന് അപകടം ഉണ്ടാക്കാനുള്ള ഏത് ശ്രമവും നിരുത്സാഹപ്പെടുത്തുകതന്നെ വേണം. വൈദ്യസേവനം നൽകാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതൊക്കെയെന്ന് ബില്ലിൽ വ്യക്തമായി പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പവുമുണ്ട്. വിവിധ ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടരുന്ന ആരോഗ്യ മേഖലയിൽ അവ പരസ്പരം കൂട്ടിക്കലർത്താതിരിക്കുകയാണ് നല്ലത്.
ഏത് മാർഗം സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം രോഗികൾക്കു തന്നെ വിടുന്നതാണ് നല്ലത്. 130 കോടിയിലധികം ജനങ്ങളുടെ ആരോഗ്യരക്ഷ ഏതൊരു സർക്കാരിനും വലിയ വെല്ലുവിളിതന്നെയാണ്. ആധുനിക ചികിത്സാസമ്പ്രദായം പേരിനുപോലും എത്തിനോക്കാത്ത പതിനായിരക്കണക്കിന് ഗ്രാമങ്ങൾ രാജ്യത്ത് ഇപ്പോഴുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എങ്കിലും ഇവിടങ്ങളിൽ ഉയർന്നുവരേണ്ടതുണ്ട്. അതിനാകട്ടെ കുറുക്കുവഴികൾ ഒന്നുമില്ലെന്ന യാഥാർത്ഥ്യവും സർക്കാർ മനസിലാക്കണം.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച നേരത്തെതന്നെ രാജ്യത്ത് ചർച്ചാവിഷയമാണ്. മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും അധികാരപ്പെട്ട മെഡിക്കൽ കൗൺസിൽ അഴിമതിയുടെ ചെളിക്കുണ്ടിൽ താഴ്ന്നപ്പോഴാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരവും ഇടിയാൻ തുടങ്ങിയത്. കൈക്കൂലി വാങ്ങി പുതിയ കോളേജുകളും അക്രഡിറ്റേഷനും അനുവദിക്കുന്നതായിരുന്നു രീതി. കൗൺസിലിന്റെ സ്ഥാനത്ത് കമ്മിഷൻ വരുമ്പോൾ ഇൗ രീതികൾക്ക് മാറ്റമുണ്ടായാൽ നന്ന്. ഏതായാലും മെഡിക്കൽ കമ്മിഷൻ ബില്ലിലെ വിവാദവ്യവസ്ഥകളെക്കുറിച്ച് രാജ്യമാസകലം ഏറെ ആക്ഷേപം ഉയർന്നിട്ടുള്ള സ്ഥിതിക്ക് അവ പുനഃപരിശോധിക്കാനുള്ള വിവേകം സർക്കാർ കാണിക്കേണ്ടതാണ്.