kpcc

പ്രഖ്യാപിച്ച സമയപരിധി അവസാനിച്ചു

തിരുവനന്തപുരം: ഒരറ്റം വലിച്ചെത്തിക്കുമ്പോൾ മറ്റേയറ്റം കൈവിട്ട് പോകുമ്പോലെ, പ്രഖ്യാപിച്ച സമയപരിധി ഇന്നലെ അവസാനിച്ചിട്ടും സങ്കീർണ്ണമായി നീളുകയാണ് കെ.പി.സി.സി പുന:സംഘടന.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒന്നിലേറെ തവണ ചർച്ച ചെയ്തിട്ടും മാനദണ്ഡങ്ങളുടെ കാര്യത്തിലടക്കം യോജിച്ചൊരു ധാരണയായില്ല. . ഈ മാസം പത്തിനകം തീരുമാനമാകണമെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി.

ഒരാൾക്ക് ഒരു പദവിയെന്ന മുല്ലപ്പള്ളിയുടെ ആഗ്രഹത്തോട് എ ഗ്രൂപ്പിന് ഏറെക്കുറെ യോജിപ്പാണെങ്കിലും ഐ ഗ്രൂപ്പ് അത്ര യോജിക്കുന്നില്ല. വർക്കിംഗ് പ്രസിഡന്റുമാരെ മാറ്റി വൈസ് പ്രസിഡന്റുമാർ മതിയെന്ന നിർദ്ദേശത്തിലും അതാണ് സ്ഥിതി. ജംബോ കമ്മിറ്റി വേണ്ടെന്ന് എല്ലാവരും തത്വത്തിൽ അംഗീകരിക്കുന്നുവെങ്കിലും ആരെയൊക്കെ ഒഴിവാക്കണമെന്നതും ഉൾപ്പെടുത്തണമെന്നതും ഗ്രൂപ്പ് നേതൃത്വങ്ങളെയും കുഴയ്ക്കുന്നു.

ഡി.സി.സികൾക്ക് പുതിയ പ്രസിഡന്റുമാരെ വച്ചപ്പോൾ സ്ഥാനമൊഴിഞ്ഞവരും സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന കെ.പി.സി.സി സെക്രട്ടറിമാരും യൂത്ത് കോൺഗ്രസിൽ സ്ഥാനങ്ങളൊഴിഞ്ഞ് നിൽക്കുന്നവരുമെല്ലാം പ്രതീക്ഷയിലാണ്. നിലവിലെ സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റം നൽകാതിരിക്കാനും നീക്കമുണ്ട്.. എന്നാൽ ,​കഴിവ് തെളിയിച്ച കുറച്ചു പേർക്കെങ്കിലും സ്ഥാനക്കയറ്റം വേണമെന്നാണ് എ ഗ്രൂപ്പിന്റെ . നിലപാട്. സ്ഥാനക്കയറ്റമില്ലെങ്കിൽ ഹൈക്കമാൻഡിന് മുന്നിൽ പരാതിപ്പെടാനിരിക്കുകയാണ് സെക്രട്ടറിമാരിൽ ഒരു വിഭാഗം. ആർ.വി. രാജേഷ്, വിനോദ് കൃഷ്ണ, അജീഷ്ബെൻ മാത്യു തുടങ്ങി യൂത്ത് കോൺഗ്രസിൽ നിന്നൊഴിഞ്ഞ് നാല് വർഷമായി പുര നിറഞ്ഞ് നിൽക്കുന്നവർ വേറെ. പരിഗണനയില്ലെന്ന പരാതിയുമായി നിലവിലെ കമ്മിറ്റിയും.

ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ട്രഷററും ഉൾപ്പെടെ നിലവിൽ 28 പേരെങ്കിലുമുണ്ട്. ഇത് 21 ആയി കുറയ്ക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇതിന് ജനറൽ സെക്രട്ടറിമാരുടെ എണ്ണം പതിനഞ്ചായെങ്കിലും കുറയ്ക്കണം. വർക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കുന്നതിനോട് ഐ ഗ്രൂപ്പ് യോജിക്കുന്നില്ല. നിലവിലുള്ള കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷും എം.പിമാരാണ്. കൊടിക്കുന്നിലാകട്ടെ ലോക്‌സഭാ ചീഫ് വിപ്പും. ഇവർക്ക് ഡൽഹിയിൽ പകരം പ്രാതിനിദ്ധ്യം കൊടുത്ത് ഇവിടെ എം.എൽ.എമാരെ വർക്കിംഗ് പ്രസിഡന്റുമാരാക്കണമെന്ന ആഗ്രഹമാണ് ഐ ഗ്രൂപ്പിൽ ശക്തം. വി.ഡി. സതീശൻ, എ.പി. അനിൽകുമാർ, വി.എസ്. ശിവകുമാർ എന്നിവരുടെയൊക്കെ പേരുകൾ ആ പട്ടികയിലുണ്ട്.