papnasam-bali

വർക്കല: പിതൃസ്‌മരണയിൽ പതിനായിരങ്ങൾ പാപനാശത്തും ശിവഗിരിമഠത്തിലും ബലിതർപ്പണം നടത്തി. ഇന്നലെ പുലർച്ചെ 3ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 3ന് തിലഹവനം തുടങ്ങി. മുൻ വർഷത്തെക്കാൾ ഇത്തവണ തിരക്ക് കൂടുതലായിരുന്നു. ദേവസ്വം ബോർഡിന്റെ ലൈസൻസുള്ള ഇരുനൂറോളം തന്ത്റിമാരാണ് പാപനാശത്ത് പിതൃതർപ്പണത്തിന് കാർമ്മികത്വം വഹിച്ചത്. പാപനാശം ബലിമണ്ഡപത്തിലും സമീപത്തും ഒരുക്കിയ പ്രത്യേക പന്തലിലും ബലിതർപ്പണം നടന്നു. ശിവഗിരി മഠത്തിലും പതിനായിരങ്ങളാണ് ബലിതർപ്പണം നടത്തിയത്. സ്വാമി വിശുദ്ധാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവരും സുഗതൻ തന്ത്റിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശിവഗിരിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഇന്നലെ രാവിലെ 6ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് രാവിലെ 8.41 വരെ ശിവഗിരിയിലും പാപനാശത്തും ബലിതർപ്പണ ചടങ്ങുകൾ നടക്കും. ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് വരെ 50000ഓളം തിലഹവനങ്ങൾ നടന്നു. സുരക്ഷയുടെ ഭാഗമായി ലൈഫ് ഗാർഡിന്റെയും പൊലീസിന്റെയും ബാരിക്കേഡുകളും സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും നഗരസഭയുടെയും ദേവസ്വം ബോർഡിന്റെയും ആഭിമുഖ്യത്തിൽ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി. വർക്കല തഹസിൽദാർ എ. വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചു. വി. ജോയി എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വൈസ് ചെയർമാൻ എസ്. അനിജോ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ അനിൽകുമാർ, ദേവസ്വം വിജിലൻസ് ഓഫീസർ പി. അജികുമാർ, അസി. ദേവസ്വം കമ്മിഷണർ ജി. ജെസി, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ. ലേഖ, റൂറൽ എസ്.പി പി.കെ. മധു, ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ, വർക്കല സി.ഐ ജി. ഗോപകുമാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നു കെ.എസ്.ആർ.ടി.സി എഴുനൂറോളം സ്‌പെഷ്യൽ സർവീസുകൾ നടത്തി. സുരക്ഷയ്ക്കും ഗതാഗത നിയന്ത്റണത്തിനുമായി 700ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. പാപനാശത്ത് നടപ്പാലത്തിന് സമീപം വൈദ്യുതി ലൈനുകൾ തമ്മിൽ ഉരസി നേരിയതോതിൽ സ്‌പാർക്കിംഗ് ഉണ്ടായി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.