നെടുമങ്ങാട് : പിതൃസ്മരണയിൽ പുഴകളും തോടുകളും നീരുറവകളും ക്ഷേത്ര മുറ്റങ്ങളുമെല്ലാം സ്നാനഘട്ടങ്ങളായി. ബലിതർപ്പണം നടത്തി പതിനായിരങ്ങൾ നിർവൃതിയടഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ സ്നാനഘട്ടങ്ങളിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. നെടുമങ്ങാട് താലൂക്കിൽ കരമനയാറിന്റെ തീരത്തെ അരുവിക്കരയിലും കരകുളത്തും പഴയവീട്ടുമൂഴി ക്ഷേത്രക്കടവിലും കിള്ളിയാറിലെ കല്ലമ്പാറയിലും വഴയിലയിലും വാമനപുരം ആറ്റിലെ പുലിയൂരും മീന്മുട്ടിയിലും ആറ്റിൻപുറത്തും ചിറ്റാറിലെ ഇരുമ്പുപാലത്തിലും കുണ്ടാളംകുഴിയിലും തർപ്പണത്തിൽ പങ്കെടുക്കാൻ വൻ തിരക്ക് അനുഭവപ്പെട്ടു. അരുവിക്കര ഭഗവതി ക്ഷേത്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഡാം സൈറ്റിലെ ബലി മണ്ഡപത്തിലും പൊലീസ് സ്റ്റേഷനു സമീപത്തെ ചെക്ക് ഡാമിലും തർപ്പണം നടന്നു. ഒരേ സമയം രണ്ട് സ്ഥലങ്ങളിലുമായി 500 ലേറെ പേർക്ക് ബലിതർപ്പണം നടത്താനായി. ഡാം സൈറ്റിലെത്തുന്നവർക്ക് ക്ഷേത്രത്തിന് സമീപത്തെ വാനക്കുഴി വഴി ചെക്ക് ഡാമിലെത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. തിരുവല്ലം കൃഷ്ണൻ പോറ്റിയും യോഗക്ഷേമസഭ പ്രതിനിധി എ.ഗണപതി പോറ്റിയും മുഖ്യകാർമ്മികരായി. പഞ്ചായത്ത് പ്രസിഡന്റ് ഐ.മിനിയുടെയും വൈസ് പ്രസിഡന്റ് ഷാജുവിന്റെയും നേതൃത്വത്തിൽ ആയിരത്തോളം വോളന്റിയർമാർ സുരക്ഷാക്രമീകരങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പൊലീസ്, ഫയർഫോഴ്‌സ്, ലൈഫ് ഗാർഡ്, ദേവസ്വം, സന്നദ്ധ സംഘടനകൾ, ഡോക്ടർമാർ, എസ്.പി.സി കേഡറ്റുകൾ എന്നിവരും രംഗത്തുണ്ടായിരുന്നു. വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. കെ.എസ്. ശബരീനാഥൻ എം.എൽ.എ ചെക്ക്ഡാം കടവിലാണ് ഇക്കുറി തർപ്പണം നടത്തിയത്.
നഗരസഭയിലെ കല്ലമ്പാറ കടവിൽ പിതൃതർപ്പണത്തിന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ മേൽനോട്ടം വഹിച്ചു. തർപ്പണത്തിന് എത്തിയവർക്ക് വാട്ടർ അതോറിട്ടി ശുദ്ധജല വിതരണം നടത്തി. ആംബുലൻസ് സേവനവും ഉറപ്പാക്കിയിരുന്നു. കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ട്രസ്റ്റ് സെക്രട്ടറി ജി.എൽ. രജീഷ് നേതൃത്വം നൽകി. കരകുളം മുല്ലശേരി പതിയനാട് ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ അമ്പലക്കടവിൽ നടന്ന തർപ്പണത്തിൽ സെക്രട്ടറി എൻ.എസ് ദേവകുമാർ നേതൃത്വം നൽകി. അജയൻ പോറ്റി മുഖ്യകാർമ്മികനായി. ഇര്യനാട് കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ മേൽശാന്തി വൈക്കം ബിനോയ് പോറ്റിയും പനയമുട്ടം ശ്രീ ആയിരവില്ലി ഭദ്രകാളി ക്ഷേത്ര കടവിൽ ജോത്സ്യർ വട്ടപ്പാറ വിജയകുമാറും കാർമ്മികരായി. പേരയം ചെല്ലഞ്ചി ഭഗവതി ക്ഷേത്രം, വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രം, പെരുമ്പള്ളി മൂഴി ദുർഗാ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും തിരക്കനുഭവപ്പെട്ടു. ചിറ്റാറിലെ ഇരുമ്പുപാലത്തിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന പിതൃതർപ്പണ ചടങ്ങുകളിൽ കോഴിക്കോട് സ്വരാജ് ശാന്തി മുഖ്യകാർമ്മികനായി.