തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന മഹാഗുരു മെഗാ പരമ്പര ഇന്ന് അവസാനിക്കും. ഗുരുവിന്റെ മഹാസമാധിയുടെ പുനരാവിഷ്കാരത്തോടെയാണ് പരമ്പര സമാപിക്കുന്നത്.
100 എപ്പിസോഡുകളുള്ള പരമ്പരയിൽ ഗുരുവിന്റെ ജനനം മുതൽ മഹാ സമാധി വരെയുള്ള അറിഞ്ഞതും അറിയാത്തതുമായ മുഹൂർത്തങ്ങളാണ് ആവിഷ്കരിച്ചത്. ഗുരുവിന്റെ ജനനം, പഠനം, മരുത്വാമലയിലെ തപോകാലം, അവധൂത കാലം, അരുവിപ്പുറം പ്രതിഷ്ഠ, ശിവഗിരി, ആലുവ എന്നിവിടങ്ങളിലെ കർമ്മകാണ്ഡങ്ങൾ, മഹാത്മാ ഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും സന്ദർശനങ്ങൾ, ഗുരുവിന്റെ ആദ്യ സിലോൺ യാത്ര, ദൈവദശകപ്പിറവി, കേരളകൗമുദിയുടെ ഉദയം ഉൾപ്പെടെയുള്ള മർമ്മപ്രധാനമായ ഭാഗങ്ങൾ പരമ്പരയുടെ ഭാഗമായി. മഹാത്മാ ഗാന്ധി, രബീന്ദ്രനാഥ ടാഗോർ, അയ്യങ്കാളി, വാഗ്ഭടാനന്ദൻ, രമണ മഹർഷി, ഡോ.പല്പു, ഉള്ളൂർ എസ്.പരമേശ്വരയ്യർ, കുമാരനാശാൻ തുങ്ങി ഒട്ടേറെ ചരിത്ര നായകന്മാർ പരമ്പരയിൽ കഥാപാത്രങ്ങളായെത്തി. ജയൻദാസ് ആണ് മഹാഗുരുവായി വേഷമിട്ടത്.
തിരുവനന്തപുരം കൈരളി തിയേറ്ററിൽ ട്രെയിലർ പ്രദർശനത്തോടെ മുഖ്യമന്ത്രി പിണറായി വിജയനാണ് മഹാഗുരു പരമ്പരയുടെ സംപ്രേഷണത്തിന് തുടക്കമിട്ടത്. തുടർന്ന് എല്ലാ ജില്ലകളിലും മഹാഗുരു റോഡ് ഷോയും നടന്നു. ശ്രീനാരായണീയർ ആദരവോടെ ഏറ്റെടുത്ത പരമ്പരയ്ക്ക് ശിവഗിരി മഠത്തിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. ശിവഗിരിയിലാണ് പരമ്പരയുടെ അവസാന ഭാഗങ്ങൾ ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം പരമ്പരയുടെ ചിത്രീകരണം ആരംഭിച്ചതും ശിവഗിരിയിൽ തന്നെയായിരുന്നു.
മഹേഷ് കിടങ്ങിൽ സംവിധാനവും മഞ്ചു വെള്ളായണി രചനയും നിർവഹിച്ച പരമ്പരയുടെ നിർമ്മാണം കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയാണ്.