ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി 25 സ്ഥലങ്ങളിൽ ബീറ്റ് ബോക്സുകൾ സ്ഥാപിക്കുന്നതിന്റെ ജോലികൾ പൂർത്തിയായി. തേമ്പാമുട്ടം. റസൽപ്പുരം, പുന്നക്കാട്, പാറക്കുഴി, തലയൽ മാളോട്ട് ക്ഷേത്രം, കുടുംബക്ഷേമ ആരോഗ്യ കേന്ദ്രം, റെയിൽവേ സ്റ്റേഷൻ, വടക്കേവിള, ഐത്തിയൂർ ശാസ്താക്ഷേത്രം, രാമപുരം പാലത്തിന് സമീപം, കോട്ടുകാൽക്കോണം, നെല്ലിവിള, അഴിപ്പിൽ ക്ഷേത്രത്തിന് സമീപം, കട്ടച്ചൽക്കുഴി, പെരിങ്ങമല ആത്മബോധിനി, പൂങ്കോട് മുള്ളുവിള, പൂങ്കോട് സ്വിമ്മിംഗ് പൂളിന് സമീപം, സെന്റ് സെബാസ്റ്റിൻ ആഡിറ്റോറിയത്തിന് സമീപം, കൈരളി ഗാർഡൻസ്, ഐത്തിയൂർ ചാമവിള, പാതിരിയോട്, പരുത്തിമഠം, മംഗലത്തുകോണം കാട്ടുനടശ്രീഭദ്രകാളിക്ഷേത്രം, സിസിലിപുരം എന്നിവിടങ്ങളിലാണ് ബീറ്റ് ബോക്സുകൾ സ്ഥാപിച്ചിരിക്കുന്നത്. തർക്കത്തെ തുടർന്ന് അഴിപ്പിലിലും നെല്ലിവിളയിലും കുറച്ച് മാറിയാണ് ബീറ്റ് ബോക്സുകൾ സ്ഥാപിച്ചത്. ഫ്രാബ്സ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നീ സംഘടനകൾ ബീറ്റ് ബോക്സ് സ്ഥാപിക്കാൻ സാമ്പത്തിക സഹായവും നൽകി. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നൈറ്റ് പട്രോളിംഗ് നടത്തുന്നത്. ജനറൽ ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥൻ സിവിൽ പൊലീസ് ഓഫീസർക്ക് ബീറ്റ് ബോക്സിന്റെ താക്കോൽ കൈമാറും. അക്രമസംഭവങ്ങളോ മോഷണമോ നടന്നാൽ സി.ഐ, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ച് നാട്ടുകാർക്ക് പരാതി അറിയിക്കാം. മദ്യപാനം, സാമൂഹ്യവിരുദ്ധശല്യം, പിടിച്ചുപറി എന്നിവ പതിവാകുന്ന സ്ഥലങ്ങളെ കുറിച്ച് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കും മറ്റ് സന്നദ്ധസംഘടനകൾക്കും ജനമൈത്രി പൊലീസിനെ വിളിച്ച് പരാതി ബോധിപ്പിക്കാം.ബാലരാമപുരം ജനമൈത്രി പൊലീസ്, ഫ്രാബ്സ്, വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബീറ്റ് ബോക്സുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്