തിരുവനന്തപുരം : കർക്കടക വാവു ദിവസമായ ഇന്നലെ പുണ്യതീർത്ഥങ്ങളിലും ബലിതർപ്പണ വേദികളിലും പിതൃക്കൾക്ക് തിലോദകമേകി പിതൃപുണ്യം നേടിയത് പതിനായിരങ്ങൾ. ആലുവ മണപ്പുറം, തിരുനെല്ലി, തിരുന്നാവായ, തിരുവല്ലം, വർക്കല, അരുവിപ്പുറം തുടങ്ങിയ പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വിശ്വാസികൾ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി.
പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കായിരുന്നു. മിക്കയിടത്തും ഇന്നലെ പുലർച്ചെ രണ്ടോടെ ചടങ്ങുകളാരംഭിച്ചു. പ്രധാന കേന്ദ്രങ്ങളിൽ സന്ധ്യ വരെ ബലിതർപ്പണം നീണ്ടു. തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലായിരുന്നു ഏറ്റവുമധികം തിരക്കുണ്ടായത്. ദേവസ്വം ബോർഡിന്റെ കണക്കനുസരിച്ച് ഒന്നര ലക്ഷത്തോളം പേരാണ് തിരുവല്ലത്ത് ബലിയിട്ടത്. വർക്കല പാപനാശവും ശംഖുംമുഖം കടപ്പുറവുമായിരുന്നു തിരുവനന്തപുരത്ത് കൂടുതൽ പേർ ബലിയിടാനെത്തിയ മറ്റു കേന്ദ്രങ്ങൾ.