ashes

ആഷസ് പരമ്പരയിലെ ആദ്യമത്സരത്തോടെ ഇന്ന്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കം

എഡ്ജ്‌ബാസ്റ്റൺ: ഏകദിന ക്രിക്കറ്റിലെ ലോകകപ്പിന് ശേഷം ഇംഗ്ളണ്ട് മറ്റൊരു ക്രിക്കറ്റ് മാമാങ്കത്തിന് കൂടി ചരിത്രം കാതോർത്തിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് വേദിയാകുന്നു. ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള നൂറ്റാണ്ടിലേറെ നീണ്ട ക്രിക്കറ്റ് യുദ്ധം മാത്രമല്ല ഇത്തവണത്തെ ആഷസ്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരം കൂടിയാണ്.

സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ളണ്ട് ആഷസ് ട്രോഫി തിരിച്ചുപിടിക്കുക ഇരട്ട നേട്ടത്തിനായാണ് നായകൻ ജോറൂട്ടിന് കീഴിൽ ഇംഗ്ളണ്ട് എഡ്ജ്ബാസ്റ്റണിൽ അഞ്ചുമത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിന് കച്ചകെട്ടുന്നത്. ഇത്തവണ പരമ്പര സ്വന്തം നാട്ടിൽ നടക്കുന്നു എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രതീക്ഷ. ഉപനായകനായി തിരിച്ചെത്തുന്ന ബെൻ സ്റ്റോക്സ്, പരിക്കിന്റെ ഇടവേളകഴിഞ്ഞ് തിരിച്ചെത്തുന്ന പേസർ ജെയിംസ് ആൻഡേഴ്സൺ തുടങ്ങിയവരിലാണ് ആതിഥേയരുടെ കിരീടക്കനവുകൾ.

അതേസമയം ആഷസിന് പരിശീലനമെന്നോണം അയർലൻഡിനെതിരെ ഏക ടെസ്റ്റിനിറങ്ങിയപ്പോൾ ആദ്യ ഇന്നിംഗ്സിൽ വെറും 85 റൺസിന് പുറത്തായതിന്റെ നാണക്കേടിൽ നിന്ന് ഇംഗ്ളണ്ട് ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ല. അവസാന ഇന്നിംഗ്സിൽ അയർലൻഡിനെ 38 റൺസിന് ആൾ ഒൗട്ടാക്കി മത്സരം ജയിച്ചെങ്കിലും ബാറ്റിംഗ് നിരയ്ക്ക് നേരിട്ട കനത്ത ആഘാതം ഇംഗ്ളീഷ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. സ്റ്റുവർട്ട് ബ്രോഡ് ആൻഡേഴ്സസ് പേസ് സഖ്യം തിരിച്ചുവരുന്നതോടെ പുതുമുഖ പേസർ ജൊഫ്രെ ആർച്ചറെ ഇംഗ്ളണ്ട് ആദ്യടെസ്റ്റിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായിരുന്ന ആസ്ട്രേലിയ ആഷസിലൂടെ പകരം വീട്ടാനാണ് ടീം പെയ്‌നിന് കീഴിൽ ഇറങ്ങുന്നത്. വിലക്കിനുശേഷം സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്ട് എന്നിവരുടെ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവ് ഇൗ ആഷസിലൂടെയാണ്. സ്മിത്തും വാർണറും ലോകകപ്പിൽ കളിച്ചിരുന്നു. നാല് പേസർമാരെയാകും ആസ്ട്രേലിയ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുക. പാറ്റ് കമ്മിൻസ്, ഹേസൽവുഡ്, പാറ്റിൻസൺ, സ്റ്റാർക്ക് എന്നിവരാണ് ഒാസീസ് പേസ് പോർമുനകൾ.

ചാരംമൂടിയ കനൽ

ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിക്കറ്റ് വൈരത്തിന്റെ സാക്ഷ്യപത്രമാണ് ആഷസ് ട്രോഫി. 1882 ൽ ഇംഗ്ളണ്ടിൽ പര്യടനത്തിനെത്തിയ ആസ്ട്രേലിയൻ ടീം ഒാവലിൽ ഇംഗ്ളണ്ടിനെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിച്ചപ്പോൾ ദസ് പോർട്ടിംഗ് ടൈംസ് എന്ന ബ്രിട്ടീഷ് പത്രം നൽകിയ റിപ്പോർട്ടിൽനിന്നാണ് ആഷസ് പരമ്പരയുടെ തുടക്കം. തോറ്റ ഇംഗ്ളണ്ട് ടീമിന്റെ ശരീരം ഇവിടെ ദഹിപ്പിക്കും. ചിതാഭസ്മം (ആഷസ്) ആസ്ട്രേലിയയിലേക്ക് കൊണ്ടുപോകും. എന്നാണ് സ്പോർട്ടിംഗ് ടൈംസ് എഴുതിയത്. തൊട്ടടുത്ത വർഷം ഇംഗ്ളണ്ട് ആസ്ട്രേലിയയിലെത്തി പരമ്പര നേടിയപ്പോൾ അന്നത്തെ ഇംഗ്ളീഷ് ക്യാപ്ടന്റെ പിൽക്കാല ഭാര്യ ഫ്ളോറൻസ് മോർഫിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം വനിതകൾ ബെയിൽസ് കത്തിച്ച ചാരം ഒരു ചെറിയ ചിതാഭസ്മ കലശത്തിലാക്കി ഇംഗ്ളീഷ് ടീമിന് സമ്മാനിച്ചു. ഇതണ് ആദ്യ ആഷസ് ട്രോഫിയായി കണക്കാക്കുന്നത്.

71-ാമത് ആഷസ് പരമ്പരയ്ക്കാണ് ഇന്ന് എഡ്ജ് ബാസ്റ്റണിൽ തുടക്കമാകുന്നത്.

33 ആഷസ് പരമ്പരകൾ ആസ്ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്.

32 പരമ്പരകളിൽ ഇംഗ്ളണ്ടിന് വിജയം.

5 പരമ്പരകളിൽ സമനില.

5 മത്സരങ്ങളാണ് ഒാരോ ആഷസ് പരമ്പരയിലുള്ള്.

ലാസ്റ്റ് ആഷസ് (2017/18)

2017, 18 സീസണിൽ ആസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിൽ 4-0 ത്തിന് വിജയിച്ച ആതിഥേയരാണ് ഇപ്പോൾ ട്രോഫി കൈവശം വച്ചിരിക്കുന്നത്.

2015

ലാണ് അവസനമായി ഇംഗ്ളണ്ട് ആഷസ് പരമ്പര നേടിയത് 3-2 നായിരുന്നു ആതിഥേയരുടെ പരമ്പര നേട്ടം.

330

ടെസ്റ്റുകളാണ് ആഷസിൽ ഇതുവരെയായി നടന്നിട്ടുള്ളത് ഇതിൽ 134 എണ്ണത്തിൽ ആസ്ട്രേലിയ വിജയിച്ചു. ഇംഗ്ളീഷ് വിജയം 106. 90 മത്സരങ്ങൾ സമനിലയിലായി.

5028

റൺസ് നേടിയിട്ടുള്ള സാക്ഷാൽ സർ ഡൊണാൾഡ് ബ്രാഡ്മാനാണ് ആഷസിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരൻ.

195

വിക്കറ്റുകളുമായി ഷേൻ വാൺ ബൗളർമാരിൽ ആഷസിലെ സൂപ്പർ ഹീറോ.

5/5

2000 ത്തിന് ശേഷം നടന്ന ആഷസ് പരമ്പരകളിൽ ഇരുടീമുകളും തുല്യനിലയിൽ. ഇരുവരും സ്വദേശത്ത് നാലും വിദേശത്ത് ഒന്നുവീതവും പരമ്പരകൾ വിജയിച്ചു.

19

കഴിഞ്ഞ 19 വർഷമായി ഇംഗ്ളണ്ടിൽ ആഷസ് പരമ്പര നേടാൻ ആസ്ട്രേലിയയ്ക്ക് കഴിഞ്ഞിട്ടില്ല.

2001

നുശേഷം എഡ്ജ് ബാസ്റ്റണിൽ ഒരു മത്സരത്തിലും ജയിക്കാൻ ആസ്ട്രേലിയയ്ക്ക് കഴിഞ്ഞിട്ടില്ല.

ആഷസ് ഫിക്‌സ്ചർ

1. ആഗസ്റ്റ് 1-5

എഡ്ജ്‌ബാസ്റ്റൺ

2. ആഗസ്റ്റ് 14-18

ലോഡ്സ്

3. ആഗസ്റ്റ് 22-26

ലീഡ്സ്

4. സെപ്തംബർ 4-8

മാഞ്ചസ്റ്റർ

5. സെപ്തംബർ 12-16

ഒാവൽ

ഇംഗ്ളണ്ട് പ്ളേയിംഗ് ഇലവൻ

റോയ് ബേൺസ്, ജാസൺ റോയ്, ജോറൂട്ട് (ക്യാപ്ടൻ), ജോ ഡെൻലി, ജോസ് ബട്ട്‌ലർ, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മൊയീൻ അലി, ക്രിസ്‌വോയ്സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ.

ആസ്ട്രേലിയൻ സ്ക്വാഡ്

ടിം പെയ്ൻ (ക്യാപ്ടൻ/കീപ്പർ), കാമറൂൺ ബാൻക്രോഫ്ട്, കമ്മിൻസ്, മാർക്കസ്, ഹാരിസ്, ഹേസാൽവുഡ്, ദ്രാവിഡ് ഹെഡ്, ഖ്വാജ, ലബുഷാംഗെ, നഥാൻ ലിയോൺ, പാറ്റിൻസൺ, മിച്ചൽ മാർഷ്, മൈക്കേൽ നെസെർ, പീറ്റർ സിഡിൽ, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാത്യു‌വേഡ്, ഡേവിഡ് വാർണർ.

ജഴ്സി നമ്പർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായതിനാൽ പരമ്പരാഗത വെള്ളവസ്ത്രമാണ് ധരിച്ചിറങ്ങുന്നതെങ്കിലും കളിക്കാർക്ക് ജഴ്സിയിൽ നമ്പർ പതിപ്പിച്ചിട്ടുണ്ടാകും.

24

പോയിന്റാണ് ഇൗ പരമ്പരയിലെ ഒാരോ വിജയത്തിനുമുള്ളത് ടൈ അയൽ 12 പോയിന്റ് വീതം. സമനിലയിൽ 8 പോയിന്റ് വീതവും.