തിരുവനന്തപുരം:പിതൃമോക്ഷ പുണ്യം നേടി വിവിധ ക്ഷേത്രങ്ങളിലും കടൽതീരത്തും ആറുകളുടെ തീരങ്ങളിലും ആശ്രമങ്ങളിലും പതിനായിരങ്ങൾ ബലിതർപ്പണം നടത്തി.പ്രധാന കേന്ദ്രങ്ങളായ തിരുവല്ലം,വർക്കല,ശംഖുംമുഖം എന്നിവിടങ്ങളിലായിരുന്നു തിരക്ക് കൂടുതൽ.തിരുവല്ലം പരശുരാമ ക്ഷേത്രത്തിലാണ് ജില്ലയിൽ ഏറ്റവുമധികം പേർ ബലിയിട്ടത്.ശംഖുംമുഖത്ത് കടൽക്ഷോഭത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. വർക്കല പാപനാശത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ തിരുവല്ലത്ത് ബലിതർപ്പണത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടു. സന്ധ്യ വരെ എത്തുന്നവർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. മുഖ്യ പുരോഹിതൻ പ്രവീൺ ശർമ്മയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് നിയോഗിച്ച 15 പുരോഹിതന്മാരും ഉപ പുരോഹിതന്മാരും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒന്നര ലക്ഷത്തിലേറെ പേർ ബലിയിട്ടതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രത്തിനകത്തെയും പുറത്തെയും ഒമ്പത് ബലിമണ്ഡപങ്ങളിലായി 3000 പേർക്ക് ഒരേസമയം ബലിയിടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.
ശംഖുംമുഖത്ത് സുരക്ഷ മുൻനിർത്തി കടൽഭിത്തിക്ക് സമീപം തീരത്തിന്റെ വടക്ക് ഭാഗത്ത് മാത്രമാണ് ബലിതർപ്പണം നടന്നത്. പതിനായിരത്തിലേറെ പേർ ഇവിടെ ബലിതർപ്പണത്തിനായി എത്തി. ശംഖുംമുഖത്ത് കടലാക്രമണം ബലിതർപ്പണത്തെ ബാധിച്ചതോടെ പതിവിലുമേറെ പേർ വേളി പൊഴിക്കരയിൽ ബലിയിടാനെത്തി. കിള്ളിയാറിന്റെയും കരമനയാറിന്റെയും തീരങ്ങളിൽ ഒട്ടേറെ പേർ ബലിയർപ്പിച്ചു.