തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് കർഷകരുടെ വായ്പകൾക്ക് മേലുള്ള ബാങ്കുകളുടെ ജപ്തി നടപടികൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി ഇന്നലെ അവസാനിച്ചു.
മോറട്ടോറിയം ഡിസംബർ 31വരെ നീട്ടുന്നതിനും വായ്പ പുന:ക്രമീകരിക്കാൻ വീണ്ടും സമയം നൽകുന്നതിനും റിസർവ് ബാങ്ക് ഇതുവരെ അനുമതി നൽകിയില്ല. കൃഷിമന്ത്രി നേരിട്ട് ആർ.ബി.ഐ ഗവർണറെ കാണുകയും മുഖ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഇനി പ്രതീക്ഷ വേണ്ടെന്നാണ് സൂചന.ഇതോടെ, ബാങ്കുകൾ ജപ്തി നടപടകളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
കർഷകർക്ക് ആശങ്ക
വേണ്ടെന്ന് കൃഷിമന്ത്രി
മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാൻ ബാങ്കുകൾ വിസമ്മതിച്ച സാഹചര്യത്തിൽ അടുത്ത നടപടിയെകുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി വി.എസ് .സുനിൽകുമാർ അറിയിച്ചു. ബാങ്കുകളുടെ നടപടിയിൽ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
മോറട്ടോറിയം കാലാവധി അവസാനിച്ചാലും ജപ്തിയെക്കുറിച്ച് കർഷകർ ആശങ്കപ്പെടേണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു.മോറട്ടോറിയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതു വരെ ജപ്തി നടപടികളുമായി സർക്കാർ സഹകരിക്കില്ല. ബാങ്കുകൾക്കും സാമൂഹ്യ ഉത്തരവാദിത്വമുണ്ട്. സാദ്ധ്യമായിരുന്നിട്ടും ബാങ്കേഴ്സ് സമിതി മോറട്ടോറിയം പ്രഖ്യാപിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ജപ്തി നടപടികൾക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ സഹായം കിട്ടില്ല. സർക്കാരിനെതിരെ ബാങ്കുകൾ കോടതിയെ സമീപിച്ചാൽ കാര്യങ്ങൾ സങ്കീർണമാകും.നാളെ മുതൽ ജപ്തി നടപടി പുനരാരംഭിക്കാനാണ് ബാങ്കുകളുടെ തീരുമാനം
ജപ്തി ഭീഷണിയിൽ ഒന്നേകാൽ
ലക്ഷം കർഷകർ കൂടി
പുന:ക്രമീകരിച്ച വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതിക്ക് അധികാരമുണ്ടെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് നടക്കില്ലെന്ന് ബാങ്കേഴ്സ് സമിതി വ്യക്തമാക്കി. വായ്പ കിട്ടാക്കടമാകുന്നതിനുള്ള വ്യവസ്ഥകളിൽ ആർ.ബി.ഐ ഇളവു നൽകാതെ ഇത് സാധിക്കില്ലെന്ന ന്യായമാണ് ബാങ്കേഴ്സ് സമിതി പറയുന്നത്. റിസർവ്വ് ബാങ്ക് അംഗീകരിക്കാതെ മോറട്ടോറിയം നീട്ടിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകുമെന്നാണ് അവരുടെ ആശങ്ക.ഇതോടെ വായ്പ പുന:ക്രമീകരിച്ച ഒന്നേകാൽ ലക്ഷം കർഷകർ കൂടി ജപ്തി ഭീഷണിയിലായി.
നാളെ മുതൽ ജപ്തി നടപടി പുനരാരംഭിക്കാനാണ് ബാങ്കുകളുടെ തീരുമാനം. ജപ്തി നടപടികളുമായി സഹകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ജപ്തി നടപടികൾക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ സഹായം കിട്ടില്ല. സർക്കാരിനെതിരെ ബാങ്കുകൾ കോടതിയെ സമീപിച്ചാൽ കാര്യങ്ങൾ സങ്കീർണമാകും.
കഴിഞ്ഞ വർഷം ആഗസ്റ്റിലെ പ്രളയത്തെ തുടർന്ന് ആ മാസം അവസാനമാണ് വായ്പാ ജപ്തികൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. അതിന് ശേഷം കർഷക ആത്മഹത്യകൾ വർദ്ധിച്ചതോടെ ഫെബ്രുവരിയിൽ ചേർന്ന മന്ത്രിസഭായോഗം മോറട്ടോറിയം ഡിസംബർ വരെ നീട്ടാൻ തീരുമാനിച്ചു. എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ ഉത്തരവ് അനിശ്ചിതമായി നീണ്ടു. റിസർവ്വ് ബാങ്ക് അംഗീകരിക്കാതെ മോറട്ടോറിയം നീട്ടാനാവില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും നിലപാടെടുത്തു. സംസ്ഥാനസർക്കാർ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിലപാട് പുന:പരിശോധിക്കാൻ റിസർവ്വ് ബാങ്ക് തയ്യാറായില്ല.
സംസ്ഥാനത്ത കാർഷിക വായ്പകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയും ബാങ്കുകൾ ഉന്നയിച്ചിട്ടുണ്ട്. റിസർവ്വ് ബാങ്ക് നിയോഗിച്ച സമിതി ഇതുസംബന്ധിച്ച് കോട്ടയം, എറണാകുളം,ഇടുക്കി,പത്തനംതിട്ട,തൃശ്ശൂർ ജില്ലകളിൽ പരിശോധന നടത്തി. എൻപതിനായിരം കോടിരൂപയാണ് ഇൗ ജില്ലകളിൽ കാർഷികവായ്പയായി ബാങ്കുകൾ നൽകിയിരിക്കുന്നത്. ഇതിൽ 62 ശതമാനവും സ്വർണ്ണ പണയവായ്പയാണ്. ഇതിൽ പകുതിയിലേറെയും കാർഷികേതര ആവശ്യങ്ങൾക്കാണ് വിനിയോഗിച്ചിരിക്കുന്നതെന്നാണ് അവരുടെ കണ്ടെത്തൽ. ഇത് ഫലത്തിൽ കാർഷിക വായ്പകളുടെ മുൻഗണനാക്രമം ഇല്ലാതാക്കാനുള്ള നീക്കമാണ്. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചാൽ അക്കാര്യത്തിലും സർക്കാർ തീരുമാനമെടുക്കേണ്ടിവരും.