വിഴിഞ്ഞം: വെങ്ങാനൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും മോഷ്ടിച്ചു. പൂജാമുറിക്ക് സമീപമുണ്ടായിരുന്ന 20 പവനോളം മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽ അവ നഷ്ടപ്പെട്ടില്ല. വെങ്ങാനൂർ സ്വദേശി ശശിധരൻ നായരുടെ വീടായ ഋഷികേശിലാണ് സംഭവം. ഭാര്യ ശ്യാമളാമ്മ പൂങ്കുളത്തെ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ശശിധരൻ നായരും അവിടെയാണ്. ബന്ധുവായ രാഹുൽ എന്ന യുവാവ് ഇവരിൽ നിന്നും താക്കോൽ വാങ്ങി ഇന്നലെ വൈകിട്ട് 6.30ഓടെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ പൊളിച്ചതായി കണ്ടത്. യുവാവ് ഉടൻ തന്നെ വീട്ടുടമസ്ഥനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു. വീടിനുള്ളിലെ രണ്ടു മുറികളിലെ വാതിലുകളും തകർത്ത് എല്ലാ വസ്‌തുക്കളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. പൂജാമുറിയും കുത്തിത്തുറന്നതായി കണ്ടെത്തി. ശശിധരൻ നായർ ചാലയിൽ പഴക്കച്ചവടം നടത്തുകയാണ്. ശ്യാമള റിട്ട. റെയിൽവേ ജീവനക്കാരിയാണ്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്‌തു. അന്വേഷണ സംഘം ഇന്ന് സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുമെന്ന് വിഴിഞ്ഞം എസ്.ഐ സജി അറിയിച്ചു.