മഴ കുറഞ്ഞത് തിരിച്ചടിയായി
ആലപ്പുഴ : കുട്ടനാടൻ പാടശേഖരങ്ങളിൽ രണ്ടാം കൃഷിയിറക്കിയ കർഷകർക്ക് കീടാക്രമണം തിരിച്ചടിയാകുന്നു. നെൽച്ചെടികളിൽ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണവും ഇലപ്പേലൻ ശല്യവുമാണ് ഇപ്പോൾ കണ്ടുവരുന്നത്.
രണ്ടാം കൃഷിക്കായി വിതച്ച പാടശേഖരങ്ങളിൽ ഇപ്പോൾ നെൽച്ചെടികൾ പറിച്ച് നടുന്ന സമയമാണ്. ഈ കാലയളവിൽ നല്ല മഴ ആവശ്യമാണെന്ന് കർഷകർ പറയുന്നു. എന്നാൽ ഇത്തവണ കർക്കടക മഴ കുറഞ്ഞതാണ് നെൽച്ചെടികളിൽ ഒാലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തിനിടയാക്കിയത്. മഴ ശക്തിയോടെ ലഭിച്ചാലേ ഇൗ കീടരോഗം മാറുകയുള്ളൂവെന്ന് കർഷകർ പറയുന്നു. പ്രധാനമായും 35 മുതൽ 40 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളിലാണ് പുഴുവിന്റെ ആക്രമണം.
ഒന്നോ രണ്ടോ പാടശേഖരങ്ങളിൽ രോഗബാധ കണ്ട് തുടങ്ങിയപ്പോൾ തന്നെ കുട്ടനാട്ടിലെ കർഷകർ പുഴുശല്യം വ്യാപിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചു. കീടനാശിനി പ്രയോഗമാണ് പുഴുവിനെ നശിപ്പിക്കാനുള്ള മാർഗം.
രണ്ട് ഏക്കറിൽ കൂടുതലുള്ള പാടങ്ങളിൽ പുകയില കഷായം തളിക്കാമെങ്കിലും വലിയ പാടശേഖരങ്ങളിൽ ജൈവമാർഗത്തിലുള്ള മരുന്ന് പ്രയോഗം അപ്രായോഗികമാണ്. ഇത് കൂടാതെ തെങ്ങിന്റെ കൊലഞ്ഞിൽ ഉപയോഗിച്ച് നെൽച്ചെടിയുടെ തുമ്പിൽ വീശിവിട്ടാൽ പുഴുവിന്റെ മുട്ടകൾ താഴെ വീണ് നശിക്കും. എന്നാൽ ഇൗ പ്രയോഗം കർഷകർ നടത്തുന്നില്ല. കൂലിച്ചെലവാണ് കാരണം . ഇതിനായി വലിയ പാടങ്ങളിൽ കുറഞഞ്ത് 10 പേരെയെങ്കിലും കൂലിക്ക് നിറുത്തണം. ഒരു ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ ഇൗ രീതി ചെയ്യണം.കുട്ടനാട്ടിലെ ഭൂരിഭാഗം പാടങ്ങളിലും വീര്യം കുറഞ്ഞ പ്രകൃതിസൗഹൃദമായ കീടനാശിനിയാണ് പ്രയോഗിക്കുന്നത്.
# സഹായത്തിന്
ഒാലചുരുട്ടിപ്പുഴുവിന്റെ ആക്രമണമുണ്ടായ പാടശേഖരങ്ങളിലെ കർഷകർ അടിയന്തരമായി മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ സഹായം തേടണമെന്ന് മേധാവി ഡോ.വന്ദനാ വേണുഗോപാൽ അറിയിച്ചു. 0477-2702245.
ഓലചുരുട്ടിപ്പുഴു
ഒാലചുരുട്ടിപ്പുഴു നെൽച്ചെടിയുടെ നാമ്പിൽ മുട്ടയിട്ട് ആഹാരത്തിന് വേണ്ടി നീര് വലിച്ചെടുക്കും ഒാല മുറിക്കുകയും ചെയ്യും. നെൽച്ചെടിക്ക് വേണ്ട അന്നജം തയ്യാറാക്കുന്നത് ഇലകളാണ്. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം നേരിട്ട നെൽച്ചെടികൾക്ക് വെളുത്ത നിറമാകും. ഇലകളിലെ ഹരിതം ഇല്ലാതായാൽ ചെടിയുടെ കരുത്ത് കുറയും. കുട്ടനാട്ടിലെ ചെറിയ മഞ്ഞും വെയിലും പുഴുവിന് വളരാൻ അനുയോജ്യമാണ്. ഒരു ചെടിയിൽ 10 മുതൽ 100 മുട്ട വരെ ഒാലചുരുട്ടിപ്പുഴു നിക്ഷേപിക്കും.മുട്ട നശിപ്പിച്ചില്ലെങ്കിൽ വളർന്നുവരുന്ന പുഴു പിന്നീടും ചെടിയുടെ വളർച്ചയും കരുത്തും നശിപ്പിക്കും. ചെടി കരിഞ്ഞ് പോകാനുമിടയുണ്ട്.
....
......
'' കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഒാലചുരുട്ടിപ്പുഴുവിനെ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇതിനെ നശിപ്പിക്കാനുള്ള കീടനാശികൾ മങ്കൊമ്പ് നെല്ല് ഗവേഷണത്തിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കീടനാശിനി തളിച്ച് കഴിഞ്ഞാൽ 40-60 ദിവസം വരെ പ്രയോജനം ലഭ്യമാകും. മഴ ശക്തിപ്രാപിച്ചാൽ പുഴുവിനെ നശിപ്പിക്കാൻ ഒരു മരുന്നിന്റെയും ആവശ്യമില്ല.
സുനിൽകുമാർ,കുപ്പപ്പുറം പാടശേഖരസമിതി പ്രസിഡന്റ്