ആലപ്പുഴ: സി.പി.ഐയിലെ 'പാതിരാ പോസ്റ്റർ' വിവാദം കത്തിനിൽക്കുന്ന ആലപ്പുഴയിൽ, പണിയില്ലാതെ നടക്കുന്ന യുവാക്കൾക്ക് പോസ്റ്റർ ഒട്ടിക്കാൻ അവസരമൊരുക്കി സ്വകാര്യ കമ്പനി രംഗത്ത്. 18,000 രൂപയാണ് പ്രതിമാസ ശമ്പളം. മുഴുവൻ സമയ ജോലി. താമസിക്കാൻ സൗകര്യം നൽകും. ഇരുചക്രവാഹനം ഉണ്ടായിരിക്കണമെന്നു മാത്രം.
ഗ്യാസ് സ്റ്റൗ വീട്ടിൽ വന്ന് നന്നാക്കിക്കൊടുക്കുന്ന കമ്പനിയാണ് തങ്ങളുടെ പോസ്റ്റർ ഒട്ടിക്കാൻ ആളെ തേടി നഗരത്തിലുടനീളം പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. എണ്ണൂറ് പാേസ്റ്ററുകൾ ഒരു ദിവസം ഒട്ടിക്കണം. ഒരു ഏരിയയിൽ രണ്ട് ഷിഫ്റ്റായിട്ടാണ് ജോലി. ഒരിക്കൽ ഒട്ടിച്ച പോസ്റ്റർ കീറിപ്പോയാൽ അവിടെ വീണ്ടും ഒട്ടിക്കണം. പോസ്റ്ററുകളിൽ ഒരു ശ്രദ്ധ ഒട്ടിക്കുന്നവർക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്നു മാത്രം. ഇതിനാണ് മുഴുവൻ സമയവും ജോലിക്കാരെ വയ്ക്കുന്നത്. ജോലി നഷ്ടമാകില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നത്.
കാനം വിരുദ്ധ പോസ്റ്റർ ഒട്ടിച്ചവർ കുടുങ്ങുകയും പൊലീസ് കേസാകുകയും ചെയ്ത സാഹചര്യത്തിൽ പോസ്റ്റർ ഒട്ടിക്കാൻ ആളെ കിട്ടുമോ എന്നാണ് കമ്പനിയുടെ സംശയം!