വള്ളികുന്നം: ചൂനാട്- തഴവാമുക്ക് റോഡിൽ തഴവാ ജംഗ്ഷൻ മുതൽ ചൂനാട് ജംഗ്ഷൻ വരെയുള്ള ഭാഗം ഒന്നു താണ്ടണമെങ്കിൽ വളവുകൾ ഒന്നും രണ്ടുമല്ല കടക്കേണ്ടത്. 27 വളവുകളാണ് ഇവിടെ ഉള്ളത്.
പത്തൊൻപത് കൊടുംവളവുകളും, എട്ടോളം ചെറുവളവുകളും.
പി. ഡബ്ളിയു റോഡിൽ വീതിയില്ലാത്തതും കൊടുംവളവുകളിൽ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഈ ഭാഗങ്ങളിൽ രാത്രിയിൽ വഴിവിളക്കുകൾ തെളിയാത്തതും അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു. ഇതു വഴി പന്ത്രണ്ടോളം കെ.എസ്.ആർ.ടി.സി ബസുകളും പതിനഞ്ചോളം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. മാവേലിക്കര, തിരുവനന്തപുരം താമരക്കുളം, ഓച്ചിറ എന്നിവിടങ്ങളിലേയ്ക്ക് കെ. എസ്. ആർ. ടി.സിയും സർവീസ് നടത്തുന്നു. നിത്യേന നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ദേശീയ പാതയിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
വളവുകൾ വീതി കൂട്ടി നിർമ്മിക്കുകയും വളവുകളിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കുന്നതിനും സാധിക്കുകയുള്ളൂ.
നാട്ടുകാർ
വളവുകൾക്ക് വീതി കൂട്ടണം
വളവുകളിൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണം
വഴിവിളക്കുകൾ സ്ഥാപിക്കണം