ദേശീയപാതയിലെ സീബ്ര മീഡിയനിൽ മാലിന്യം
തുറവൂർ: തുറവൂർ ജംഗ്ഷന്റെ ഹൃദയഭാഗത്തെ പ്രധാന സീബ്രാലൈനിൽ കാൽനട യാത്രക്കാർക്ക് വിനയായി മാറിയ മാലിന്യ നിക്ഷേപം മാറ്റാൻ നടപടിയില്ല. ഈ സീബ്രാലൈൻ പ്രയോജന രഹിതമായിട്ട് മൂന്നാഴ്ചയാണ് പിന്നിടുന്നത്.
ദേശീയപാതയിലെ ട്രാഫിക് സിഗ്നലിന് തൊട്ടുകിഴക്ക് ഭാഗത്തെ സീബ്രാലൈൻ കടന്നു പോകുന്ന മീഡിയനിലാണ് മരക്കൊമ്പുകളും മറ്റു മാലിന്യങ്ങളും നിക്ഷേപിച്ചിരിക്കുന്നത്. നാല് ദിക്കുകളിലും നിന്ന് റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ പ്രധാന കവലയാണിത്. നിർദ്ദിഷ്ട തുറവൂർ- പമ്പ പാത ആരംഭിക്കുന്നതും ഈ ഭാഗത്താണ്.
താലൂക്ക് ആശുപത്രി, സ്കൂൾ, മഹാക്ഷേത്രം, ബസ് സ്റ്റോപ്പുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന നൂറുകണക്കിന് ആളുകളെ ഉദ്ദേശിച്ചാണ് ഇവിടെ സീബ്രാലൈൻ വരച്ചത്.
ഇതൊഴിവാക്കി കാൽനട യാത്രക്കാർ ദേശീയ പാതയിലേക്ക് കയറി സഞ്ചരിക്കുന്നത് അപകട ഭീഷണിയും ഉണ്ടാക്കുന്നു. വാഹനങ്ങളുടെ മുന്നിൽ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. തൈക്കാട്ടുശേരി, വളമംഗലം തുടങ്ങിയ കിഴക്കൻ ഭാഗങ്ങളിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ സിഗ്നൽ കാത്ത് കിടക്കുന്നത് ഈ സീബ്രാലൈനിന് തൊട്ടരികിലാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് അധികൃതർ വിലകല്പിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. തുറവൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പെടുന്നതാണ് തുറവൂർ ജംഗ്ഷൻ
........................................
'സീബ്രാ ലൈനിലെ മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ നീക്കാൻ താമസിയാതെ നടപടി സ്വീകരിക്കും'
(അനിതാ സോമൻ, പഞ്ചായത്ത് പ്രസിഡന്റ്, തുറവൂർ)