കറ്റാനം: കെ. പി റോഡിൽ ടിപ്പർ ലോറിയിൽ നിന്നും മണ്ണു വീണത് ഇരുചക്രവാഹനയാത്രക്കാർക്ക് വിനയായി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെ വെട്ടിക്കോട് അഞ്ചാം കുറ്റി, റെസ്റ്റ് ഹൗസ് ജംഗ്ഷൻ, കറ്റാനം ജംഗ്ഷൻ എന്നിവിടങ്ങളിലായിട്ടാണ് ലോറിയിൽ നിന്നും മണ്ണ് വീണത്. മണ്ണിൽ കയറിയ ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിടുകയായിരുന്നു. ഈ സംഭവം സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഫയർഫോഴ്സെത്തി റോഡ് കഴുകി മണ്ണ് നീക്കം ചെയ്തു. സംഭവത്തെ തുടർന്ന് കെ പി റോഡിൽ വാഹന ഗതാഗതം ഒരു മണിക്കൂറോളം സ്തംഭിച്ചു.