ചേർത്തല:തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ പറഞ്ഞു. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന ക്യാമ്പ് തണ്ണീർമുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏഴാം ശമ്പള കമ്മിഷന്റെ നിർദ്ദേശ പ്രകാരവും സുപ്രീംകോടതി വിധി അനുസരിച്ചും 600 രൂപയാണ് വേതനമായി നൽകേണ്ടത്. എന്നാൽ 271 രൂപ മാത്രമാണ് കേരളത്തിൽപ്പോലും നൽകുന്നത്. ഈ സാമ്പത്തിക വർഷം ഒരു സംസ്ഥാനത്ത് പോലും വേതനം വർധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ അദ്ധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ വി.പി.സുനിൽ സ്വാഗതം പറഞ്ഞു.സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമൻ,ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,കെ.അനിമോൻ,എ.ശിവരാജൻ,അഡ്വ.വി.മോഹൻദാസ്,അഡ്വ.എ.അജികുമാർ,ദീപ്തി അജയകുമാർ, എൻ.എസ്.ശിവപ്രസാദ്,എസ്.പ്രകാശൻ,ആർ.സുഖലാൽ എന്നിവർ സംസാരിച്ചു.