ചെങ്ങന്നൂർ: അടച്ചിട്ടിരുന്ന വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് കയറി മദ്യപാനവും ലഹരി ഉപയോഗവും പതിവാക്കിയ നാലു വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഏറെ നാളായി അടച്ചിട്ടിരുന്ന ചെറിയനാട് മാമ്പ്രവിള കിഴക്കേതിൽ വിനോദിന്റെ 'രേവതി ഭവനം' എന്ന വീട്ടിലാണ് ഒമ്പത്, പത്ത്, പ്ലസ് വൺ വിദ്യാർത്ഥികൾ അടങ്ങിയ സംഘം അഴിഞ്ഞാടിയത്.
വിദ്യാർത്ഥികളെ പിടികൂടിയശേഷം നാട്ടുകാർ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മദ്യക്കുപ്പികൾ, സിറിഞ്ചുകൾ തുടങ്ങിയവ കണ്ടെടുത്തു. വീടു മുഴുവൻ മലമൂത്ര വിസർജ്ജനം നടത്തിയ നിലയിലായിരുന്നു. ചുവരുകളിൽ അശ്ലീല ചിത്രങ്ങളും ഇവർ വരച്ചിരുന്നു. വീട്ടുപകരണങ്ങൾ തല്ലിത്തകർത്തു. സംഭവമറിഞ്ഞ് നാട്ടിലെത്തിയ വനോദ് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്രമാണവും മറ്റ് വിലപ്പെട്ട രേഖകളും ഐ പാട്, എമർജൻസി ടോർച്ച്, ഗ്രൈൻഡിംഗ് മെഷീൻ എന്നിവയും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.
ഏറെ നാളായി രാത്രികാലങ്ങളിൽ വീട്ടിൽ നിന്നു ചില ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു. തുടർന്നാണ് പ്രദേശവാസികൾ ഇവിടെ രഹസ്യമായി കാവൽ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെ വിദ്യാർത്ഥികൾ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ വീടുവളയുകയായിരുന്നു. ആളുകളെ കണ്ട് ഇറങ്ങി ഓടിയ ഇവരെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് നാലുപേരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വിനോദിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെറിയനാട് കേന്ദ്രീകരിച്ച് അടുത്തകാലത്ത് മോഷണ പരമ്പര തന്നെ നടന്നിരുന്നു. ഈ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു