# വള്ളംകളിയിൽ വരുമാനം കാത്ത് ഹൗസ്ബോട്ട് മേഖല

ആലപ്പുഴ: കേരളപ്പിറവി വരെ നീളുന്ന വള്ളംകളി സീസൺ ആരംഭിച്ചിരിക്കെ, ജില്ലയിലെ ടൂറിസം മേഖല പതിവിലേറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം നെഹ്രുട്രോഫി ഉൾപ്പെടെയുള്ള ജലമേളകളുടെ ആവേശം പ്രളയത്തിൽ ഒലിച്ചു പോയതിനാൽ ഇത്തവണ അതുകൂടി നികത്തുംവിധമുള്ള നേട്ടമുണ്ടാകുമെന്നാണ് ടൂറിസം സംരംഭകർ കണക്കുകൂട്ടുന്നത്.

പത്തിന് പുന്നമടക്കായലിൽ അരങ്ങേറുന്ന നെഹ്രുട്രോഫി ജലോത്സവവും തുടർന്നുള്ള ചാമ്പ്യൻസ് ബോട്ട് ലീഗും ഉൾപ്പെടെ ശ്രദ്ധേയമായൊരു സീസൺ ആണ് കടന്നുവരുന്നത്. നെഹ്രുട്രോഫി വള്ളം കളിയോടനുബന്ധിച്ചുള്ള ബുക്കിംഗും മറ്റ് അന്വേഷണങ്ങളും കൂടിവരുന്നത് ശുഭപ്രതീക്ഷയാണ് നൽകുന്നതെന്ന് ടൂറിസവുമായി ബന്ധപ്പെട്ടു നിൽക്കുന്നവർ വ്യക്തമാക്കുന്നു. ആഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ടൂറിസം സീസൺ.
നോട്ടുനിരോധനത്തിൽ തുടങ്ങിയതാണ് ജില്ലയിലെ ടൂറിസം മേഖലയുടെ ശനിദശ. പ്രളയ മാന്ദ്യത്തിൽ മുങ്ങി ഒരു കൊല്ലമാണ് കടന്നുപോയത്. പ്രളയത്തെ അതിജീവിച്ച ജില്ല ടൂറിസം രംഗത്തും തിരിച്ചുവരവിന്റെ പാതയിലാണ്. വള്ളംകളി ഈ വർഷം ലീഗ് അടിസ്ഥാനത്തിലുള്ള മത്സരമാകുന്നതോടെ ആഗസ്റ്റ് മുതൽ നവംബർ വരെ സഞ്ചാരികളെ പിടിച്ചുനിറുത്താനുള്ള ഉപാധിയാകും.

.................................

# വരവിൽ ജില്ല മൂന്നാമത്

കേരളത്തിൽ സഞ്ചാരികളുടെ വരവിൽ ജില്ല മൂന്നാംസ്ഥാനത്താണ്. എറണാകുളവും തിരുവനന്തപുരവുമാണ് ഒന്നും രണ്ടും സ്ഥാനക്കാർ. ഫ്രാൻസ്, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, റഷ്യ, മലേഷ്യ, സ്വിറ്റ്‌സർലാൻഡ്, സ്പെയിൻ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് ആലപ്പുഴയിൽ കൂടുതലായി എത്തുന്നത്. ടൂറിസം വിപുലീകരണത്തിൽ കായൽ ടൂറിസത്തിനൊപ്പം കുട്ടനാടൻ കൃഷിയും അനുബന്ധ ജീവിതരീതികളും സഞ്ചാരികളിലേക്ക് പകരാനും ശ്രമമുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷൻ മുഖേനയാണ് ചുവടുവയ്പ്. പൈതൃക നഗരമായി ജില്ല വികസിക്കുന്നതോടെ കൂടുതൽ ദിവസം സഞ്ചാരികൾ തങ്ങുമെന്നാണ് പ്രതീക്ഷ. കയർ മ്യൂസിയം, ഗുജറാത്തി തെരുവിന്റെ പുനരാവിഷ്‌കാരം, കടൽപാലത്തിന്റെ പുനർനിർമിതി തുടങ്ങിയവയും സഞ്ചാരികളെ ലക്ഷ്യമിടുന്നു. ടൂറിസം വകുപ്പിനൊപ്പം ഡി.ടി.പി.സിയും ശ്രദ്ധേയ പ്രവർത്തനങ്ങളാണ് ഈ രംഗത്ത് ഒരുക്കുന്നത്.

..............................................

# മഴയും ചതിച്ചു

മഴക്കാലം ആസ്വദിക്കാൻ നിരവധി വിദേശ സഞ്ചാരികൾ ജില്ലയിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രളയം മൂലം ഇതും ഇല്ലാതായി. ഇത്തവണ മഴയിലുണ്ടായ കുറവ് സഞ്ചാരികളുടെ വരവിനെയും ബാധിച്ചു. എന്നാൽ ആയുർവേദ ചികിത്സയ്ക്ക് ഉൗന്നൽ നൽകി മെഡിക്കൽ ടൂറിസത്തിന്റെ സാദ്ധ്യത ടൂറിസം മേഖല പരമാവധി പ്രയോജനപ്പെടുത്തി .

.........................................

'ജില്ലയിൽ ടൂറിസം മേഖല തിരിച്ചു വരവിന്റെ പാതയിലാണ്. വള്ളംകളി ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ഐ.പി.എൽ മാതൃകയിലുള്ള വള്ളംകളി കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കും. ഇതോടൊപ്പം ഒാണവും പ്രതീക്ഷ നൽകുന്നു'

(എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി)

..........................................

'ഹൗസ്ബോട്ട് മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് ഇൗ സീസൺ നൽകുന്നത്. ആഗസ്റ്റ് മുതൽ ഡിസംബർ വരെയാണ് ജില്ലയിൽ സീസൺ. വള്ളംകളി, ഒാണം ബുക്കിംഗ് ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ധാരാളം അന്വേഷണങ്ങളും വരുന്നുണ്ട്'

(വിജയൻ, ഹൗസ് ബോട്ട് അസോസിയേഷൻ സംസ്ഥാന പ്രസി‌ഡന്റ്)