rishikesh

ആലപ്പുഴ: എൻജിനിയറിംഗ് പഠിച്ചിട്ടില്ല. പ്രീഡിഗ്രിയാണ് യോഗ്യത. പക്ഷേ ഋഷികേശ് സാങ്കേതിക വിദ്യയുടെ കൂട്ടുകാരനാണ്. ജനങ്ങൾക്ക് ഉപകാരമാകുന്ന കുറെ കണ്ടുപിടിത്തങ്ങളുണ്ട് മുഹമ്മ സ്വദേശിയായ ഈ 43കാരന്റെ പേരിൽ. ഈ നേട്ടങ്ങൾക്ക് 2015ൽ നാഷണൽ ഇന്നവേഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് അവാർഡ് സമ്മാനിച്ചത്.

അമേരിക്കയിലെ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റിയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഇലക്ട്രോണിക്‌സ് പുസ്തകങ്ങൾ വരുത്തി സ്വയംപഠിച്ചാണ് ഋഷികേശ് സാങ്കേതിക ജ്ഞാനം നേടുന്നത്.

മഴക്കാലത്ത് വൈദ്യുതി കമ്പി പൊട്ടി വീണ് മരണം സംഭവിക്കുന്നതിന് പരിഹാരമില്ലേ എന്ന് ഹൈക്കോടതി അടുത്തിടെ കെ.എസ്.ഇ.ബിയോട് ചോദിച്ചിരുന്നു. അതിനായി ഋഷികേശ് ഒരു ഉപകരണം വികസിപ്പിച്ചു. കമ്പി പൊട്ടിയാലുടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഭൂമിയിൽ വീഴുന്ന കമ്പിയിൽ വൈദ്യുതി പ്രവാഹം ഉണ്ടാവില്ല. കെ.എസ്.ഇ.ബി ഇതിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഉപകരണം ഇങ്ങനെ

ഒരു ട്രാൻസ്‌മിറ്ററും എസ്.എം.എസ് സൗകര്യവും ജി.പി.എസും ഉള്ള ഒരു റിസീവറും ചേരുന്നതാണ് ഉപകരണം. ഇലക്‌ട്രിക് പോസ്റ്റിൽ ഘടിപ്പിക്കുന്ന ട്രാൻസ്‌മിറ്റർ ലൈനുമായി ബന്ധിപ്പിക്കും. ട്രാൻസ്‌ഫോർമറിൽ ഫ്യൂസിന് ശേഷം സപ്ലൈ ലൈനിൽ റിസീവർ ഘടിപ്പിക്കും. ലൈൻ പൊട്ടിയാലുടൻ ട്രാൻസ്‌മിറ്റർ അയയ്‌ക്കുന്ന സിഗ്നൽ റിസീവറിൽ എത്തും. 30 മില്ലി സെക്കൻഡിൽ (ഒരു സെക്കൻഡിന്റെ 1000ത്തിൽ 30 അംശം) ട്രാൻസ്‌ഫോർമറിൽ നിന്ന് ലൈനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. പൊട്ടിയ കമ്പി ഭൂമിയിൽ പതിക്കും മുൻപേ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കും. റിസീവറിൽ നിന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും. റിസീവറിൽ പ്രോഗ്രാം ചെയ്‌തിട്ടുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിലേക്ക് പോസ്റ്റിന്റെ നമ്പ‌ർ സഹിതം എസ്.എം.എസ് സന്ദേശവും ജി.പി.എസ് വഴി ലോക്കേഷൻ മാപ്പും എത്തും. ലൈൻ പൊട്ടിയ സ്ഥലം അവർക്ക് കൃത്യമായി അറിയാനാകും.

സപ്ലൈ ഇല്ലാത്തപ്പോൾ ലൈൻ പൊട്ടുകയും അതറിയാതെ ഉദ്യോഗസ്ഥർ ലൈൻ ചാർജ് ചെയ്യുകയും ചെയ്‌താൽ മൂന്ന് സെക്കൻഡിനകം സപ്ലൈ വിച്ഛേദിക്കാനുള്ള സങ്കേതവും ഇതിലുണ്ട്.

മറ്റ് കണ്ടുപിടിത്തങ്ങൾ

നെഹ്റുട്രോഫി വള്ളംകളിക്ക് സ്റ്റാർട്ടിംഗ് സങ്കേതം. വള്ളങ്ങളിൽ ഇലക്‌ട്രോണിക് ബെൽറ്റ് കെട്ടി പ്ളാറ്റ്ഫോമുമായി ബന്ധിപ്പിക്കും. സ്റ്റാർട്ടിംഗ് വെടി പൊട്ടുമ്പോൾ റിമോട്ട് വഴി ബെൽറ്റുകൾ അഴിയും

പ്രളയ മുന്നറിയിപ്പിനുള്ള ഫ്ളഡ് വാണിംഗ് ഡിവൈസ്

11 കെ.വി ലൈനിൽ വൈദ്യുതിയുണ്ടോ എന്ന് താഴെ നിന്ന് അറിയാനുള്ള ഉപകരണം

ആളില്ലാത്ത റെയിൽവേ ക്രോസുകളിൽ ട്രെയിൻ വരുമ്പോൾ മുന്നറിയിപ്പ് സൈറൺ

ജപ്തിഭീഷണിയിൽ

ഏഴ് സെന്റിലെ ചെറിയ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കണ്ടുപിടിത്തങ്ങൾക്കായി വസ്തു ഈട് വച്ച് ബാങ്കിൽ നിന്ന് വായ്പ എടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിഭീഷണിയിലാണ്.