ട്രോളിംഗ് നിരോധന ശേഷം കടലിൽ മാന്ദ്യം
ആലപ്പുഴ: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ശുഭപ്രതീക്ഷയിൽ മത്സ്യബന്ധനത്തിനിറങ്ങിയ യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെ മടങ്ങിയെത്തുന്നു. രണ്ട് ദിവസത്തെ അത്യദ്ധ്വാനത്തിൽ നിന്ന് ലഭിച്ചത് ബോട്ടൊന്നിന് 40,000 രൂപയിൽ താഴെയുള്ള മത്സ്യങ്ങൾ മാത്രം. കടലമ്മ കനിയുന്ന അവസരങ്ങളിൽ ലക്ഷത്തിലേറെ രൂപയുടെ മത്സ്യം ലഭിക്കുന്നിടത്താണ് 52 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലത്തെ ആദ്യ ദിവസങ്ങളിൽത്തന്നെ മത്സ്യമേഖല നിരാശയിലേക്ക് നീങ്ങുന്നത്.
നാല് ദിവസത്തേക്കുള്ള ഇന്ധനം, ആഹാരം,ഐസ് അടക്കമുള്ള സാധനങ്ങളുമായാണ് ബോട്ടുകൾ മത്സ്യബന്ധനത്തിന് പോയത്. കാര്യമായി മീൻ ലഭിച്ചാൽ ആദ്യദിവസം പിന്നിടുമ്പോൾത്തന്നെ നിറകൈയോടെ മടങ്ങിയെത്താമെന്ന പ്രതീക്ഷയിൽ പുറപ്പെട്ട തൊഴിലാളികൾ വല്ലാത്ത നിരാശയിലാണ്. ട്രോളിംഗ് നിരോധനം അവസാനിച്ച ബുധനാഴ്ച അർദ്ധരാത്രിയിലാണ് ബോട്ടുകൾ കടലിൽ ഇറങ്ങിയത്.
വർഷത്തിൽ ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെ കടലിലേക്ക് നീങ്ങുന്നത്. ട്രോളിംഗ് നിരോധനം കഴിയുമ്പോൾ പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവയാണ് ധാരാളം ലഭിക്കാറുള്ളത്. മഴയുടെ കുറവ് ചെമ്മീന്റെ വരവ് ഇല്ലാതാക്കി. എന്നാൽ മേടം മുതൽ തുലാം വരെയുള്ള കാലയളവിൽ തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് മുൻകാലങ്ങളിൽ സുലഭമായി മത്സ്യം ലഭിച്ചിരുന്നു. ചാകരയിൽ പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താടയും പാരയും തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനില്ല. ഇന്ധനവില വർദ്ധനവിനൊപ്പം രജിസ്ട്രേഷൻ ഫീസ്, ക്ഷേമനിധി എന്നിവ കൂടിയതും മണ്ണെണ്ണ പെർമിറ്റ് നിറുത്തലാക്കിയതും മത്സ്യബന്ധന മേഖലലയെ ആശങ്കയിലാഴ്ത്തുന്നു. വൈദ്യുതി നിരക്ക് വർദ്ധന മൂലം 50 കിലോ ഭാരമുള്ള ഒരു ഐസ് ബ്ളോക്കിന് 5 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരുടൺ മത്സ്യം സംസ്കരിക്കാൻ 6 ടൺ ഐസ് വേണ്ടിവരും.
# പട്ടിണിയിൽ പീലിംഗ് മേഖല
ബോട്ടുകാർക്ക് ചെമ്മീൻ ലഭിക്കാത്തത് അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലെ ആയിരക്കണക്കിന് പീലിംഗ് തൊഴിലാളികളെ പട്ടിണിയിലാക്കും. അരൂർ മുതൽ വലിയഴീക്കൽ വരെ തീരമേഖലയിൽ നൂറുകണക്കിന് ചെമ്മീൻ പീലിംഗ് ഷെഡുകളാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമേ കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഷെഡുകൾ വേറെയും. തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകളാണ്. ഒന്നര കിലോ ചെമ്മീൻ പൊളിക്കുമ്പോൾ ബോണസ് ഉൾപ്പെടെ 24 രൂപയാണ് കൂലി. പീലിംഗ് തൊഴിലാളി ദിവസം 400 മുതൽ 700 രൂപയുടെ വരെ ജോലി ചെയ്യാറുണ്ട്. പിലീംഗ് ഇല്ലാത്തപ്പോൾ തൊഴിലുറപ്പിന് പോയാൽ ദിവസം 270 രൂപയാണ് ലഭിക്കുന്നത്. ഇവരെ അനുബന്ധ തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി ക്ഷേമനിധി ബോർഡിൽ അംഗമാക്കിയിട്ടുണ്ട്. മൂന്ന് തവണകളായി 1500 രൂപ ക്ഷേമനിധിയിൽ അടയ്ക്കുന്നവർക്ക് പഞ്ഞമാസ ആനുകൂല്യം 4500 രൂപ നൽകുന്നുണ്ട്.
........................................................................
# ബോട്ടുകളുടെ നാല് ദിവസത്തെ ചെലവ്
(ഡീസൽ, ആഹാരം, ഐസ് )
ലൈലാൻഡ് ബോട്ട്
(8 മുതൽ 10 വരെ തൊഴിലാളികൾ)........1.25 ലക്ഷം
ചൈനീസ് എൻജിൻ ഘടിപ്പിച്ച ബോട്ട്
(10 മുതൽ 12 വരെ തൊഴിലാളികൾ)........ 2.50 ലക്ഷം
.........................................................................
# വേതനക്കണക്ക്
പിടിക്കുന്ന മത്സ്യത്തിന്റെ വിലയിൽ നിന്ന് ചെലവ് പൂർണ്ണമായും മാറ്റിയ ശേഷമുള്ള തുകയുടെ 40 ശതമാനം തൊഴിലാളികളുടെ വേതനം. 60ശതമാനം തുക ബോട്ട്, വള്ളം ഉടമകൾക്ക്
..........................................................
'നിറുത്തലാക്കിയ മണ്ണെണ്ണ സബ്സിഡി പുന:സ്ഥാപിക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഡീസലിന് സബ്സിഡി നൽകണം. വർദ്ധിപ്പിച്ച രജിസ്ട്രഷൻ, ലൈസൻസ് ഫീസ് പിൻവലിക്കണം'
(ശ്രീകുമാർ, ബോട്ട് ഉടമ, തോട്ടപ്പള്ളി)