ആലപ്പുഴ: ഒറ്റമശ്ശേരി ഇരട്ടക്കൊലപാതകക്കേസിൽ ഒന്നു മുതൽ അഞ്ച് വരെ പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. പട്ടണക്കാട് തയ്യിൽ വീട്ടിൽ പോൺസൻ (33), സഹോദരൻ ടാലിഷ് (37), ചേർത്തല ഇല്ലത്തുവെളി ഷിബു (തുമ്പി ഷിബു -48), തണ്ണീർമുക്കം വാരണം മേലോക്കാട്ടുചിറയിൽ അജേഷ് (31), സഹോദരൻ വിജേഷ് (34) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡിൽ കാട്ടുങ്കൽ തയ്യിൽ ജോൺസൺ (40), 19-ാം വാർഡിൽ കളത്തിൽ സുബിൻ (ജസ്റ്റിൻ സൈറസ്-27) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. പാണാവള്ളി വാത്സല്യം വീട്ടിൽ ബിജുലാൽ (45), പെരുമ്പടം മേലാക്കാട് വീട്ടിൽ അനിൽ (41), സഹോദരൻ സനൽകുമാർ (37) എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികൾക്ക് താമസസൗകര്യം ഒരുക്കിയ കുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്.
2015 നവംബർ 13നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ജോൺസന്റെ വീട്ടിൽ നടന്ന ഒരു ചടങ്ങിനിടയിൽ അയൽവാസിയായ ടാനിഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനെ തുടർന്ന് ടാനിഷും ജോൺസണുമായി പലതവണ സംഘട്ടനമുണ്ടായി. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജോൺസനെയും സുബിനെയും ഒന്നുമുതൽ അഞ്ച് വരെയുള്ള പ്രതികൾ ലോറിയിൽ പിന്തുടർന്നശേഷം ഒറ്റമശ്ശേരി സെന്റ് പീറ്റേഴ്‌സ് ബസ് സ്റ്റാൻഡിനു സമീപം വച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ഇവരുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.