ramanan

കറ്റാനം : മദ്യലഹരിയിൽ വൃദ്ധയെ പീഡനത്തിനിരയാക്കിയ ലോട്ടറി വില്പനക്കാരൻ റിമാൻഡിൽ. കറ്റാനം വെട്ടിക്കോട് സബ് സ്റ്റേഷന് വടക്ക് രഞ്ജിത്ത് ഭവനത്തിൽ രമണനെയാണ് (47) കായംകുളം കോടതി റിമാൻഡ് ചെയ്തത്. ആഹാരം നൽകാമെന്ന് പറഞ്ഞ് 75 കാരിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് രമണൻ പീഡനത്തിനിരയാക്കുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. പീഡനം ചെറുക്കാൻ ശ്രമിച്ച വൃദ്ധയെ മർദ്ദിച്ചവശയാക്കിയെന്നും പൊലീസ് പറഞ്ഞു. വൈകിട്ട് 5.30 ഓടെ അവശയായ വൃദ്ധയെ കെ.പി റോഡിലെത്തിച്ച ശേഷം രമണൻ മുങ്ങി.

സമീപത്തെ കടത്തിണ്ണയിലിരുന്ന വൃദ്ധയോട് നാട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വൃദ്ധയെ നാട്ടുകാർ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വള്ളികുന്നം എസ് ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രമണനും കുടുംബവും മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് ഇപ്പോൾ താമസം.