crime

ചേർത്തല: സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തി രണ്ട് പവന്റെ മാലയുമായി കടക്കാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരൻ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. എഴുപുന്ന കൈതപ്പറമ്പിൽ ജീമോൻ (23) ആണ് പിടിയിലായത്.ഇന്നലെ വൈകിട്ട് 7.30 ഓടേ ചേർത്തല ദേവീക്ഷേത്രത്തിന് മുൻവശത്തെ ശ്രീകൃഷ്ണ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിലായിരുന്നു സംഭവം.

രണ്ട് പവന്റെ മാല ആവശ്യപ്പെട്ട് കടയിലെത്തിയ ജീമോൻ മാല തിരഞ്ഞെടുത്തു. ഈ സമയം കടയിൽ ഒരു ജീവനക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ജീവനക്കാരൻ മാലയുടെ തൂക്കം നോക്കിയ ശേഷം വില കണക്കുകൂട്ടുന്നതിനിടെ ജീമോൻ മാല എടുത്ത് കഴുത്തിലിട്ടു കൊണ്ട് പുറത്തേക്കിറങ്ങി. കടയുടെ സമീപം സ്​റ്റാർട്ട് ചെയ്ത് വച്ചിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുറത്തേക്ക് ഓടിയെത്തിയ ജീവനക്കാരൻ സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ ജീമോനെ പിടികൂടുകയായിരുന്നു. ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തിയതോട് സ്റ്റേഷനിൽ ബൈക്ക് മോഷണം, കഞ്ചാവ് കേസുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.