കർഷകർക്ക് നിരാശ, ഉപ്പേരി പ്രേമികൾക്ക് ആഹ്ളാദം
ആലപ്പുഴ: ഓണക്കാലം വിളിപ്പാടകലെ നിൽക്കവേ, ഏത്തയ്ക്ക വില കൂപ്പുകുത്തിയത് ഉപ്പേരി പ്രേമികൾക്ക് ആവേശം പകരുമ്പോൾ ഓണം ലക്ഷ്യമിട്ട് ഏത്തക്കൃഷി നടത്തിയ കുടുംബശ്രീ യൂണിറ്റുകളും മറ്റു കർഷകരും കടുത്ത നിരാശയിൽ. കഴിഞ്ഞ വർഷം ഇതേ നാളുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ ചേർന്നു സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ ഏത്തവാഴത്തോട്ടങ്ങൾ തകർന്നു പോയിരുന്നു. ഇക്കുറി ഉയത്തെഴുന്നേൽപ്പ് പ്രതീക്ഷിച്ചു നിൽക്കവേയാണ് വില പ്രതീക്ഷിച്ചതിനുമപ്പുറത്തേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്.
കിലോയ്ക്ക് 70- 80 രൂപ വരെ ഉയർന്ന് 'ഗമ'യോടെ നിന്നിരുന്ന ഏത്തക്കയ്ക്ക് ഇന്നലെ ചില്ലറ വില്പന ശാലകളിൽ വില 30-33 (പച്ചക്കായ) രൂപയായിരുന്നു. പഴുത്ത ഏത്തന്റെ ചില്ലറ വില കിലോയ്ക്ക് 40 രൂപയും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ വാഴക്കുലകൾ എത്തുന്നതാണ് വിലയിടിവിന്റെ പ്രധാന കാരണം. പ്രധാനമായും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വാഴക്കുലകളാണ് കേരള വിപണിയിൽ തിക്കിത്തിരക്കുന്നത്. വയനാടൻ വാഴക്കുലകളും ജില്ലയിലേക്ക് എത്തുന്നുണ്ട്. ഓണം മുന്നിൽക്കണ്ട് നട്ടുവളർത്തിയ വാഴകളിൽ ഭൂരിഭാഗവും കർക്കടക മഴയ്‌ക്കൊപ്പമുണ്ടായ കാറ്റിൽപ്പെട്ട് നശിച്ചിരുന്നു. പ്രകൃതി ക്ഷോഭത്തെ അതിജീവിച്ച വാഴകൾ വിളവെടുപ്പിന് പാകമായപ്പോൾ ഏത്തയ്ക്കായ്ക്ക് വിലയിടിഞ്ഞത് വല്ലാത്ത നിരാശയാണ് കർഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഇതേസമയം, ഉയർന്ന വിലയിൽ നിന്നുള്ള ഏത്തന്റെ തിരിച്ചിറക്കം ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നുണ്ട്. അവസരം മുതലെടുത്ത് ഇതിനോടകം തന്നെ പലരും ഓണത്തിനുള്ള ഉപ്പേരി നിർമ്മാണം ആരംഭിച്ചുകഴിഞ്ഞു. ഓണം കൂടുതൽ അടുക്കുമ്പോൾ ഏത്തയ്ക്ക വില റോക്കറ്റ് പോലെ കുതിക്കാനുള്ള സാദ്ധ്യത തീരെ കുറവല്ലെന്ന യാഥാർത്ഥ്യവും ഉപഭോക്താക്കൾക്കറിയാം.
.......................................
# വറചട്ടിയിലെ കണക്ക്
350- 400 ഗ്രാം: ഒരു കിലോ നേന്ത്രക്കായിൽ നിന്ന് ഇത്രയും ഉപ്പേരിയുണ്ടാക്കാം
₹ 230: ഒരു കിലോ ഉപ്പേരിക്ക് നിലവിലെ വില
₹ 350: ഒരു വർഷം മുമ്പ് ഓണക്കാലത്തെ ഉപ്പേരിവില
₹ 200: ഒരു കിലോ വെളിച്ചെണ്ണ വില (ലൂസ്)
₹ 160: ഒരു കിലോ പായ്ക്കറ്റ് വെളിച്ചെണ്ണ വില
.............................................
# വിപണിയിലേക്ക് ഒന്നിച്ച്
കഴിഞ്ഞ വർഷം മൂന്നു മാസത്തോളം തിമിർത്തു പെയ്ത മഴയും കാറ്റും വാഴക്കൃഷിക്കു നാശമുണ്ടാക്കി. കൃഷിവകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് വാഴക്കൃഷിക്കാണ്.
പ്രളയത്തിന് ശേഷം കൃഷിയിറക്കിയ ഏത്തവാഴകൾ എല്ലാം ഒരേ സമയം കുലച്ചത് വിപണിയിൽ നേന്ത്രക്കായുടെ ലഭ്യത കൂടുതലാക്കിയതും വിലയിടിവിന് ഇടയാക്കിയിട്ടുണ്ട്.
................................................
'കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇത്തവണ വില കുറവാണ്. കഴിഞ്ഞ ഒാണത്തിന് 40 ശതമാനം ഏത്തക്കുലകൾ മാത്രമേ ആലപ്പുഴ മാർക്കറ്റിലേക്ക് എത്തിയുള്ളൂ. ഇത്തവണ തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ ഏത്തക്കായ എത്തുന്നുണ്ട്. എന്നാൽ ചിങ്ങം പിറന്നാൽ വില എന്താകുമെന്ന് നിശ്ചയമില്ല'
(ബൈജു, ഏത്തയ്ക്ക മൊത്തവ്യാപാരി, ആലപ്പുഴ)
..........................................
'നിലവിൽ പച്ച ഏത്തന് വില കുറവാണ്. എന്നാൽ ഏത്തന്റെ വില പ്രവചിക്കാൻ പറ്റില്ല. ഒാണം അടുക്കുന്തോറും ഡിമാന്റേറും. ആവശ്യത്തിന് കുലകൾ കിട്ടാതാകും'
(ഉപ്പേരി വ്യാപാരികൾ)