ആലപ്പുഴ: ഓണമാസത്തിലേയ്ക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊയ്ത്തിനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ വാറ്റ്, മയക്കുമരുന്ന് മാഫിയകൾ. സ്പിരിറ്റ് കടത്ത് സംഘങ്ങളെപ്പറ്റി തത്കാലം യാതൊരു അറിവും ഇല്ലെങ്കിലും വാറ്റ് കേന്ദ്രങ്ങൾ ഉഷാറാവുന്നുണ്ടെന്നാണ് എക്‌സൈസിനു ലഭിക്കുന്ന രഹസ്യ വിവരം. കർക്കടകം പ്രമാണിച്ചുള്ള 'കർക്കടക സ്‌പെഷ്യൽ' വാറ്റുമായി കഴിഞ്ഞ ദിവസം പുറക്കാട് പുന്തല സ്വദേശികളായ അജിത്ത്, രഞ്ജിത്ത് എന്നിവർ സ്‌കൂട്ടർ സഹിതം എക്‌സൈസ് സംഘത്തിന്റെ കെണിയിൽ പെട്ടിരുന്നു. ഏഴു ലിറ്റർ വാറ്റാണ് ഇവരിൽ നിന്നു പിടികൂടിയത്. ആവശ്യക്കാർക്ക് 'ഓർഡർ' അനുസരിച്ച് എത്തിച്ചു കൊടുത്തതിന്റെ ബാക്കിയായിരുന്നു ഇത്. ഏറെ നാളായി അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ വാറ്റ് വില്പന നടത്തുന്നുണ്ടെന്ന് ഇവർ എക്‌സൈസ് അധികൃതരോടു സമ്മതിച്ചു.
കരുവാറ്റ, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, പുറക്കാട്, കുമാരപുരം, ആറാട്ടുപുഴ പഞ്ചായത്തുകളിൽ വാഹനങ്ങളിൽ എത്തിപ്പെടാൻ കഴിയാത്ത ഭാഗങ്ങളിലാണ് വാറ്റ് കേന്ദ്രങ്ങൾ ഒരുങ്ങിയിരിക്കുന്നത്. ആൾ താമസമില്ലാത്ത പട്ടാണിച്ചിറ, കാരമുട്ടേൽ, അറക്കൽ ഭാഗം, നാലുചിറ, ഇല്ലിച്ചിറ, ലക്ഷ്മിത്തോപ്പ് ഭാഗത്ത് പകൽ സമയത്ത് പോലും വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കുറ്റിക്കാടുകളും ഇടത്തോടുകളും ഏറെയുള്ളതിനാൽ വാറ്റ് ചാരായം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ കോട സുരക്ഷിതമായി ഒളിപ്പിക്കാനാകും. മുൻ കാലങ്ങളിൽ വിറക് ഉപയോഗിച്ചുള്ള വാറ്റ് കേന്ദ്രങ്ങളായിരുന്നു. ഇപ്പോൾ ഗ്യാസ് ഉപയോഗിച്ചുള്ള വാറ്റ് ആയതിനാൽ പുറംലോകം അറിയാറില്ല. കുറഞ്ഞ ചെലവിൽ വൻ ലാഭം ഉണ്ടാക്കാൻ കഴിയുന്ന തൊഴിലായതിനാൽ പുതുതായി നിരവധിപേർ വാറ്റിലേക്ക് കടക്കുന്നുണ്ടെന്ന് എക്‌സൈസ്, പൊലീസ് അധികൃതർ പറയുന്നു. നാലുചിറ, ഇല്ലിച്ചിറ, ലക്ഷ്മിത്തോപ്പ് ഭാഗങ്ങളിൽ ഉത്പാദിപ്പിക്കുന്ന ചാരായം ചെറുവള്ളത്തിൽ കന്നാസുകളിലാക്കി ഗാന്ധി സ്മൃതിവന പദ്ധതിക്കായി ഏറ്റെടുത്ത മണക്കൽ പാടശേഖരത്തിന്റെ തെക്കുംവടക്കും ഭാഗത്തുള്ള റോഡിൽ എത്തിച്ച് ആവശ്യക്കാർക്ക് കൊടുക്കുകയാണ് പതിവ്.
ലഹരിയുമായി അന്തർസംസ്ഥാന സംഘം
@വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് അന്തർസംസ്ഥാന മയക്കുമരുന്നു സംഘങ്ങൾ
@ലഹരി വരുന്നത് ട്രെയിൻ, അന്തർ സംസ്ഥാന സ്വകാര്യബസുകൾ വഴി
@ജില്ലയിൽ വർഷം ശരാശരി 105 മയക്കുമരുന്ന് കേസുകൾ
@ലഹരിയെത്തിക്കുന്ന സംസ്ഥാനങ്ങൾ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര
@കടത്തുകാരുടെ ഇഷ്ടകേന്ദ്രം ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
വില്പന കൊഴുക്കുന്നു
വിദ്യാലയങ്ങൾ, ആരാധനാലയങ്ങളുടെ പരിസരം, ബീച്ചുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘം വിലസുന്നത്. തോട്ടപ്പള്ളി ബീച്ചിലെ കുട്ടികളുടെ പാർക്കിന് സമീപത്തെ പാർക്കിംഗ് ഏരിയയിലും മത്സ്യബന്ധന തുറമുഖത്തിനകത്തും രാത്രി കാലത്താണ് ഇരുചക്രവാഹനത്തിൽ എത്തുന്ന സംഘം മയക്കുമരുന്ന് കൊണ്ടുവരുന്നത്. സ്‌കൂൾ പരിസരങ്ങളിലെ മയക്കുമരുന്ന് വില്പന തടയാൻ സംശയമുള്ള കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ നിരീക്ഷണത്തിലാണ്. വിദ്യാർത്ഥികൾ ചിലയിനം ഗുളികളും സിറപ്പുകളും വാങ്ങി ഒന്നിച്ച് കഴിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാലാണ് മെഡിക്കൽ സ്റ്റോറുകളിലും നിരീക്ഷണം ഏർപ്പെടുത്തിയത്.
പ്രത്യേക സംഘം
ലഹരി വസ്തുക്കൾ വിൽക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു അഡിഷണൽ എസ്.ഐയും ഓരോ വനിത, പുരുഷ സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെട്ട സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ നേതൃത്വം നൽകുന്നത് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയാണ്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.