പ്രളയാനന്തരം കരുതലോടെ കുട്ടനാടൻ ഗ്രാമം
ആലപ്പുഴ: ഇനിയൊരു പ്രളയമുണ്ടായാൽ, ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് കൈനകരിക്കാർ ഓടില്ല. വീടും സാധനങ്ങളും ജീവനുമെല്ലാം സുരക്ഷിതമായിരിക്കും. ആ രീതിയിലാണ് കൈനകരിയിലെ പ്രളയാനന്തര വീടുകളുടെ നിർമ്മാണം.
പില്ലറുകൾക്ക് മുകളിലാണ് വീടുകൾ നിർമ്മിക്കുന്നത്. താഴത്തെ നില തുറസായി കിടക്കും. പ്രളയം വന്നാൽ വീടൊരു തടസമാവില്ല. പില്ലറുകൾക്കിടയിലൂടെ വെള്ളം സുഗമമായി ഒഴുകിമാറും. കൈനകരിയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന വീടുകളെല്ലാം ഈ രീതിയിലാണ്. കഴിഞ്ഞ പ്രളയത്തിന് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് കൈനകരിയിലെ വീടുകൾക്കായിരുന്നു. പ്രളയം നൽകിയ അനുഭവത്തിൽ നിന്നാണ് പുതിയ രൂപകല്പന. പ്രളയത്തിൽ ഇരുനിലവീടുകളുടെ ഒന്നാമത്തെ നിലമുഴുവൻ വെള്ളത്തിനടിയിലായിരുന്നു. രണ്ടാമത്തെ നിലയിലാണ് പലരും അഭയം പ്രാപിച്ചത്. എന്നാൽ ഒന്നാം നിലയിൽ നിന്ന് വെള്ളംവീണ്ടും പൊങ്ങി രണ്ടാം നിലയിലേക്ക് കയറിയപ്പോൾ രക്ഷപ്പെടുകയേ മാർഗമുണ്ടായിരുന്നുള്ളൂ. വീട്ട് സാധനങ്ങളെല്ലാം തകർന്നു. ഒറ്റനില വീടുകളിൽ ഒരുസാധനവും ശേഷിച്ചില്ല. പലവീടുകളും നിലം പൊത്തി. സമ്പാദ്യമെല്ലാം തകർന്നടിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രളയത്തെ അതിജീവിക്കാനുള്ള വീടുകളെപ്പറ്റി ചിന്തിച്ചത്.
ഒറ്റനില പൊക്കത്തിൽ പില്ലറുകൾ സ്ഥാപിച്ചു. 800 ചതുരശ്ര അടി വരുന്ന ഒരു വീടിന് പന്ത്രണ്ടോളം പില്ലറുകൾ. അതിന് മുകളിലാണ് വീട് തുടങ്ങുന്നത്. വീട്ടിലേക്ക് കയറാൻ ഗോവണി.സാധനങ്ങളെല്ലാം മുകളിലത്തെ നിലയിൽ. എത്രവെള്ളം വന്നാലും ഒന്നാമത്തെ നിലയ്ക്ക് അടവില്ലാത്തതിനാൽ ഒഴുകിപ്പൊയ്ക്കൊളും. ചുങ്കത്ത് പള്ളിച്ചിറയിൽ ഉത്തമനാണ് ഈ രീതിയിൽ ആദ്യവീടിന് രൂപം നൽകിയത്. രണ്ട് കിടക്കമുറി, ഒരുഹാൾ, അടുക്കള, ബാത്ത്റൂം അടങ്ങിയ വീടിന് ചെലവായത് 18 ലക്ഷം രൂപ. പില്ലറുകൾ ബലപ്പെടുത്തേണ്ടി വന്നതുകൊണ്ടാണ് ഇത്രയും ചെലവായതെന്നാണ് ഉത്തമൻ പറയുന്നത്.
# പില്ലറില്ലാത്ത വീടുകളും
കൈനകരിക്ക് പുറത്തുള്ളവർ പില്ലറില്ലാത്ത വീടുകളും നിർമ്മിക്കുന്നുണ്ട്. സർക്കാർ സഹായം മാത്രം വിനിയോഗിച്ച് വീട് വയ്ക്കുന്നവർ പില്ലറില്ലാതെ സാദാ വീടുകളാണ് വച്ചതും വച്ചുകൊണ്ടിരിക്കുന്നതും. 4.95 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമ്മാണത്തിന് സർക്കാരിൽ നിന്നു ലഭിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ. രണ്ട് കിടപ്പു മുറി, ഹാൾ, സിറ്റ് ഔട്ട്, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടുന്നതാണ് വീട്.
.........................................
പ്രളയാനന്തര കുട്ടനാട്
# റീബിൽഡ് കേരള വഴി നിർമ്മിച്ച് നൽകിയ വീടുകൾ: 691
# സർക്കാർ സഹായത്താൽ സ്വന്തമായി വീട് നിർമ്മിച്ചവർ: 1595
# സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരമുള്ള വീട്: 59
# കെയർ ഹോം പദ്ധതി വഴിയുള്ള വീടുകൾ: 51
# സ്‌പോൺസർമാർ വഴിയുള്ള വീടുകൾ: 324