sndp

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനെ അസ്ഥിരപ്പെടുത്തുവാൻ ഗൂഢനീക്കം നടക്കുന്നതായി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

യൂണിയന്റെ നേതൃത്വത്തിൽ സമുദായ അംഗങ്ങൾക്കായി കോടികളുടെ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കി മുന്നോട്ട് പോകുമ്പോൾ വ്യാജപ്രചാരണങ്ങളും കള്ളക്കേസുകളും നൽകി യൂണിയനെ തകർക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്നിൽ ഒറ്റക്കെട്ടായി നീങ്ങുന്ന മാവേലിക്കര യൂണിയനെതിരെ ഉയർത്തിയിട്ടുള്ള ആക്ഷേപങ്ങൾ സമുദായ അംഗങ്ങളും പൊതുസമൂഹവും തള്ളിക്കളയണമെന്ന് യൂണിയൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

മൈക്രോഫിനാൻസ് പ്രവർത്തനം അട്ടിമറിക്കാൻ പ്രവർത്തകരെ സമീപിച്ച് വ്യാജരേഖകളിൽ ഒപ്പിടീക്കാനും രേഖകൾ കൈവശപ്പെടുത്താനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. യൂണിയന്റെ ഉത്തരവാദിത്വത്തിൽ നടത്തിവരുന്ന മൈക്രോഫിനാൻസ് ഇടപാടുകൾ അങ്ങനെതന്നെ തുടരും. ഓണക്കാലത്ത് മൈക്രോഫിനാൻസിന്റെ അടുത്ത ഗഡു വിതരണവും തടസമില്ലാതെ നടക്കും. കഴിഞ്ഞ 12 വർഷമായി യൂണിയന്റെ ഭാഗമായിരുന്ന ചിലരാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ. ഇവരെ വിവിധ കാരണങ്ങൾ മൂലം പുറത്താക്കിയതാണ് വ്യാജ പരാതികളുമായി രംഗത്തിറങ്ങാൻ കാരണം. സാമ്പത്തിക ഇടപാടുകളിൽ ഒരു രൂപയുടെ എങ്കിലും അഴിമതി നടത്തിയിട്ടില്ലെന്ന് ബോദ്ധ്യമുള്ളതിനാൽ ഒരു അന്വേഷണത്തേയും ഭയപ്പെടുന്നില്ല. ആരോപണങ്ങളെ നിയമത്തിന്റെ വഴിയിലൂടെ നേരിട്ട് കൂടുതൽ കരുത്തോടെ മാവേലിക്കര യൂണിയനെ മുന്നോട്ട് കൊണ്ടുപോകുമെന്നും യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു, വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ, സെക്രട്ടറി ബി.സുരേഷ് ബാബു, യോഗം അസി. സെക്രട്ടറി അനിൽരാജ്, ബോ‌ർഡ് മെമ്പർ സോമൻ മൊട്ടയ്ക്കൽ, കൗൺസിലർമാരായ ഡോ.പി.ബി സതീഷ് ബാബു, സദാനന്ദൻ വള്ളികുന്നം, വിനു ധർമ്മരാജ് തുടങ്ങിയവർ പറഞ്ഞു.

 അശ്ലീല വീഡിയോ അയച്ചെന്ന് പരാതി

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ വനിതാസംഘം മുൻ ഭാരവാഹിക്ക് യൂണിയൻ മുൻ കൗൺസിലർ ദയകുമാർ അശ്ലീല വീഡിയോ അയച്ചെന്നു പരാതി. വള്ളികുന്നം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇവർ മാവേലിക്കര യൂണിയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യൂണിയൻ വനിതാസംഘവും മാവേലിക്കര പൊലീസിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.