കായംകുളം: പതിറ്റാണ്ടുകളായി തകർന്ന് ഗതാഗത യോഗ്യമല്ലാതിരുന്ന റോഡ് അറ്റകുറ്റപ്പണിയുടെ പേരിൽ വീണ്ടും കുത്തിപ്പൊളിച്ചു. പണി ഇപ്പോൾ തീരുമെന്ന് കരുതി നാട്ടുകാർ കാത്തിരിയ്ക്കാൻ തുടങ്ങിയിട്ട് ആറുമാസം കഴിഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ അനാസ്ഥയും വീഴ്ചയും കാരണം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയ അവസ്ഥയാണ് ഇപ്പോൾ.
കായംകുളം നഗരസഭയിലെ അവളാട്ട് - തുരുത്തിയിൽ മുക്ക് റോഡിനാണ് ഈ ദുർഗതി. 21-ാം വാർഡ് കൗൺസിലറും മുനിസിപ്പൽ വൈസ് ചെയർപേഴ്സണുമായ ആർ.ഗിരിജയുടെയും 25 -ാം വാർഡ് കൗൺസിലറും പ്രതിപക്ഷ നേതാവുമായ യു.മുഹമ്മദിന്റെയും വാർഡുകളുടെ അതിർത്തി പങ്കിടുന്ന റോഡാണ് ഇത്.
കഴിഞ്ഞ പത്ത് വർഷത്തിന് മുകളിലായി തകർന്നു കിടക്കുന്ന റോഡിൽ ഓട നിർമ്മിച്ച് റോഡ് ഉയർത്തി ടാർ ചെയ്യുന്നതിനും വശങ്ങളിൽ ഇന്റർ ലോക്ക് ടൈലുകൾ പാകുന്നതിനും എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ആറുമാസം മുൻപ് 315 മീറ്റർ നീളത്തിൽ ഓടയുടെ നിർമ്മാണം ഭാഗീകമായി പൂർത്തിയാക്കുകയും റോഡ് മുഴുവൻ ജെ.സി.ബി ഉപയോഗിച്ച കുത്തിപ്പൊളിക്കുകയും ചെയ്ത ശേഷം കരാറുകാരൻ സ്ഥലം വിടുകയായിരുന്നു.
കരാറുകാരൻ പറയുന്നത്...
ഇതുവരെ നടത്തിയ ജോലികൾക്ക് 17 ലക്ഷം രൂപ ചെലവായി. ബാക്കിയുള്ള 18 ലക്ഷം രൂപ ഉപയോഗിച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയില്ല.
വേണം 15 ലക്ഷം കൂടി
മാത്രമല്ല 315 മീറ്റർ ഭാഗത്ത് ഇന്റർ ലോക്കിംഗ് ടൈൽ പാകുന്നതിന് 13 ലക്ഷം രൂപയ്ക്ക് പകരം ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയെന്ന് തെറ്റായി രേഖപ്പെടുത്തിയതെന്നും ചൂണ്ടിക്കാണിക്കുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം കൂടി അനുവദിച്ചാൽ മാത്രമേ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയൂവത്രെ.
നാടിന് തീരാശാപമാണ് ഈ റോഡ്. ഇത് സഞ്ചാരയോഗ്യമാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജി.വിജയൻ.
കൊച്ചുവീട്ടിൽ.