അമ്പലപ്പുഴ: ഈ മൂന്നര വയസുകാരനോട് എങ്ങനെ പറഞ്ഞു മനസിലാക്കിക്കൊടുക്കും, മോൻ ഇനി കരയരുതെന്ന്...! നെബീന്റെ കണ്ണു നിറയാതിരിക്കാൻ പ്രാർത്ഥനയോടെ ഓരോ ദിനവും കഴിച്ചുകൂട്ടുന്ന നൗഫലും സെബീനയും അവൻ കാണാതെ നെഞ്ചുപൊട്ടി കരയാറുണ്ട്, എല്ലാ ദിവസവും...
പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് പുതുവൽ നൗഫൽ - സെബീന ദമ്പതികളുടെ മകൻ നെബീന് വൃക്ക വീങ്ങുന്ന രോഗമാണുള്ളത്. മൂത്രത്തിലൂടെ ആൽബുമിൻ ധാരാളമായി പുറത്തേക്കു പോകുന്നതാണ് കാരണം. ഒന്നര വർഷം മുൻപാണ് രോഗത്തിന്റെ തുടക്കം. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ ആരംഭിച്ചു. 12 വയസു വരെ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടയിൽ കുട്ടിക്ക് ന്യൂമോണിയയും പിടിപെട്ടു. ഇപ്പോൾ രണ്ടാഴ്ച കൂടുമ്പോൾ എസ്.എ.ടി യിൽ ചികിത്സയ്ക്കു പോകണം.
നെബീൻ ഒരു കാരണവശാലും കരയാൻ പാടില്ലെന്നാണ് ഡോക്ടർമാർ മാതാപിതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കരച്ചിൽ രോഗാവസ്ഥ മോശമാക്കും. അവന്റെ കണ്ണു നിറയാതിരിക്കാൻ തങ്ങളെക്കൊണ്ടാവും വിധം സന്തോഷം പകർന്നു നൽകുകയാണ് നൗഫലും സെബീനയും. പക്ഷേ, ചില നേരങ്ങളിൽ അവന്റെ പിടിവാശി കരച്ചിലിലാവും അവസാനിക്കുന്നത്.
ചികിത്സയ്ക്കായി ഇതിനകം രണ്ടു ലക്ഷത്തോളം രൂപ ചെലവായി. നൗഫൽ മീൻവണ്ടിയിൽ പോയി കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ഏതാനും വർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ഏണിന് ഗുരുതര പരിക്കേറ്റ് പ്ലേറ്റ് ഇട്ടിരിക്കുന്നതിനാൽ കഠിനാദ്ധ്വാനം ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നൗഫലിന് നൽകിയിരിക്കുന്ന നിർദ്ദേശം.
നെബീന്റെ ചികിത്സാർത്ഥം ഇന്ത്യൻ ഓവർസീസ് ബാങ്ക് പുന്നപ്ര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 196701000002961. IFSC- IOBA 00001967. ഫോൺ: 9961392125