ചേർത്തല: നിറുത്തലാക്കിയ അരൂക്കുറ്റി- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറിനു പകരം ഇന്നു മുതൽ സൂപ്പർഫാസ്റ്റ് സർവ്വീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. എറണാകുളം- ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾ പഴക്കമുള്ള സർവീസ് നിറുത്തലാക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്നു.
സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻനായരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരും പിന്നാലെ യൂത്ത് കോൺഗ്രസുകാരും പ്രതിഷേധത്തിന്റെ ഭാഗമായി എ.ടി.ഒയെ ഉപരോധിച്ചിരുന്നു. ഇന്നലെ അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം,പള്ളിപ്പുറം,തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാപഞ്ചായത്തിലെയും ജനപ്രതിനിധികളെ അണിനിരത്തി എൽ.ഡി.എഫ് നേതൃത്വത്തിലും എ.ടി.ഒ യെ ഉപരോധിച്ചു. തുടർന്നു നടന്ന ചർച്ചകളിലാണ് ഇന്നു മുതൽ സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കാൻ ധാരണയായത്.
ഫാസ്റ്റ്പാസഞ്ചറിനു സമാനമായി അരൂക്കുറ്റിയിൽ നിന്ന് ചേർത്തല വരെയുള്ള പ്രധാന സ്റ്റോപ്പുകളിൽ ബസ് നിറുത്തും. ജില്ലാപഞ്ചായത്തംഗം പി.എം.പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആബിദ അസീസ്,പി.ആർ.ഹരിക്കുട്ടൻ,ജനപ്രതിനിധികളായ ബി.വിനോദ്, പി.കെ.കൊച്ചപ്പൻ, മുംതാസ്, രാജേഷ് വിവേകാനന്ദൻ, ഷിൽജാ സലിം എന്നിവർ നേതൃത്വം നൽകി.