ചാരുമൂട്: ജനവാസ കേന്ദ്രത്തിനു സമീപത്തെ പാറമടയിൽ ദിവസേന രാത്രിയുടെ മറവിൽ തള്ളുന്നത് ടൺ കണക്കിനു ഹോട്ടൽ മാലിന്യം തള്ളുന്നുവെന്ന് ആക്ഷേപം. നൂറനാട് പാലമേൽ പയ്യനല്ലൂർ പ്രദേശത്തു സ്ഥിതി ചെയ്യുന്ന മൂന്ന് ഏക്കറോളം വിസ്തീർണമുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പാറമടയിലാണ് മാലിന്യം തള്ളുന്നത്.
മീൻ വളർത്താൻ എന്ന പേരിലാണ് പാറമടയുടമകളുമായി കരാർ ഉണ്ടാക്കിയത്.തുടർന്ന് പാറമടയ്ക്ക് ചുറ്റും പ്ലാസ്റ്റിക് കവചം തീർത്ത് പാതിരാത്രിക്കു ശേഷം വാഹനങ്ങളിൽ കൊണ്ടുവരുന്ന ഹോട്ടൽ മാലിന്യങ്ങൾ ആഴമേറിയ പാറമടയിലെ വെള്ളത്തിൽ നിക്ഷേപിക്കുന്നുവെന്നാണ് പരിസരവാസികളുടെ ആക്ഷേപം.ആഴമേറിയ പാറമടയിലെ വെള്ളത്തിൽ താണു കിടക്കുന്ന മാലിന്യങ്ങൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ ആഫ്രിക്കൻ പായൽ വെള്ളത്തിൽ ഇട്ടിട്ടുണ്ട്.
മാലിന്യം തള്ളുന്ന സംഭവം സ്ഥിരമായതോടെ സമീപവാസികൾ ഒത്തുച്ചേർന്ന് വാഹനങ്ങൾ തടയുകയും പൊലീസിനു വിവരം കൈമാറുകയും ചെയ്യിരുന്നു. എന്നാൽ തടഞ്ഞവർക്കെതിരെ കള്ളക്കേസുകൾ എടുപ്പിക്കുകയാണ് കരാറുകാരൻ ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. 135 പേർ ഒപ്പിട്ട പരാതി പൊലീസ് അധികാരികൾക്ക് കഴിഞ്ഞയാഴ്ച നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. പഞ്ചായത്തിൽ നിന്നും മത്സ്യവളർത്തലിനുള്ള ലൈസൻസുപോലും കരാറുകാരൻ എടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
കിണറുവെള്ളത്തിന് നിറവ്യത്യാസം
പരിസര പ്രദേശങ്ങളിലെ കിണറുകളിൽ മാലിന്യം നിറഞ്ഞ നിറവ്യത്യാസമുള്ള ജലമാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഇവർ ഭയക്കുന്നു.
അധികാരികളുടെ ഭാഗത്തു നിന്നും പാറമടയിലെ മാലിന്യ നിക്ഷേപ വിഷയത്തിൽ നടപടി ഉണ്ടാകണം. അല്ലാത്തപക്ഷം പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ശക്തമായ ജനകീയ സമരമാർഗങ്ങൾ സ്വീകരിക്കും.
നാട്ടുകാർ
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പ്രവർത്തനമാണ് കരാറുകാരൻ നടത്തിയത്. പാറമട ഉടമകളും ഇതിന് കൂട്ടുനിൽക്കുന്നു. ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം.
പ്രദേശവാസികളായ വീട്ടമ്മമാർ
മാലിന്യത്തിന്റെ വിലയെത്ര?
കായംകുളം മുതൽ കിഴക്ക് പത്തനാപുരം വരെയുള്ള വലുതും ഇടത്തരവുമായ ഹോട്ടലുകളിൽ നിന്നാണത്രെ മാലിന്യം ശേഖരിക്കുന്നത്. ഓഡിറ്റോറിയങ്ങളും ഇതിൽപ്പെടും. ഒരു ബാരൽ മാലിന്യം ശേഖരിക്കാൻ 300 മുതൽ 500 രൂപ വരെ ഈടാക്കും. ദിവസം മുപ്പതോളം സ്ഥാപനങ്ങളിൽ നിന്നുവരെ മാലിന്യം എടുക്കും. പതിനായിരക്കണക്കിനു രൂപയാണ് ദിവസം വരുമാനം.