കറ്റാനം: അറവുമാലിന്യം തള്ളിയ ആളെ പിടികൂടി. കായംകുളം സ്വദേശി പാണന്റയ്യത്ത് വീട്ടിൽ അനീഷാണ് പിടിയിലായത്. ഇലിപ്പക്കുളം കട്ടച്ചിറ പാടശേഖരത്തിന് മദ്ധ്യത്തിലൂടെയുള്ള റോഡിൽ കഴിഞ്ഞ ദിവസം ഇറച്ചി അവശിഷ്ടമടക്കമുള്ള മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. കട്ടച്ചിറ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് റോഡിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ മാലിന്യവുമായി എത്തിയ വാഹനമടക്കമുള്ളവ പതിഞ്ഞതാണ് പ്രതിയെ പൊലീസിന് പിടികൂടാൻ സഹായമായത്. നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചേരാവള്ളി ഭാഗത്ത് നിന്നാണ് മാലിന്യം എത്തിയതെന്ന് പൊലീസ് കണ്ടെത്തി.
വള്ളികുന്നം എസ്.ഐ ഷൈജു എബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കട്ടച്ചിറ റോഡിൽ വിതറിയ മുഴുവൻ മാലിന്യങ്ങളും പ്രതിയെ കൊണ്ടുതന്നെ പൊലീസ് തിരികെ വാരിച്ചു. ഇയാൾക്കെതിരെ വളളികുന്നം പൊലീസ് കേസെടുത്തു.