ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശം സംരക്ഷിച്ച് തീരദേശ ജനതയെ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ആറാട്ടുപുഴ മേഖലയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പ്രതിഷേധ പ്രകടനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ പീത പതാക മേഖലാ ചെയർമാൻ എസ്.ജയറാമിന് കൈമാറി ഉദ്ഘാടനം ചെയ്തു. വിപുലമായ ജനപങ്കാളിത്തത്തോടെ നടന്ന പ്രകടനത്തിൽ തീരദേശ മേഖല മഞ്ഞക്കടലായി മാറി. തുടർന്ന് ആറാട്ടുപുഴ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ ചേപ്പാട് യൂണിയൻ പ്രസിഡൻറ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും അവകാശങ്ങൾ നേടിയെടുക്കാനും മറ്റ് സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തീരസംരക്ഷണത്തിനായി എസ്.എൻ.ഡി.പി യോഗം തുടർസമരം നടത്തുമെന്നും തീരദേശ സംരക്ഷണത്തിന് നടത്തുന്ന എല്ലാ സമരങ്ങൾക്കും പിന്തുണ ഉണ്ടാകുമെന്നും അടിയന്തരമായി സർക്കാർ തീരദേശത്ത് പുലിമുട്ടോടുകൂടി കടൽഭിത്തി നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ ചെയർമാൻ എസ്. ജയറാം അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യ പ്രഭാക്ഷണം നടത്തി. എം.ദീപക് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, കെ.പ്രശാന്തൻ, പി.കെ.രാജേന്ദ്രൻ, റീജു, വിജയൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.