ആലപ്പുഴ: മഴയിലും ശക്തമായ കാറ്റിലും ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. അഞ്ച് വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 11വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
അമ്പലപ്പുഴ,ചേർത്തല,കുട്ടനാട് താലൂക്കുകളിലാണ് അഞ്ച് വീടുകൾ പൂർണമായി തകർന്നത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയർന്നു. ഒരുവെള്ള ഭീഷണിയെ തുടർന്ന് ഒരാഴ്ച മുമ്പ് താഴ്ത്തിയ സ്പിൽവേയിലെ 40 ഷട്ടറുകളിൽ അഞ്ച് എണ്ണം ഇന്നലെ ജലസേചന വകുപ്പ് ഉയർത്തി. ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
പുന്നമടക്കായലിൽ നാളെ നടക്കുന്ന നെഹ് റുട്രോഫി വള്ളംകളിയെ മഴ ബാധിക്കുമോയെന്ന ആശങ്കയിലാണ് സംഘാടകർ. വള്ളംകളിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ വർഷം ഇതേസമയത്തുണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് വള്ളംകളി മാറ്റിവച്ചിരുന്നു. പിന്നീട് നവംബറിലാണ് നടത്തിയത്. ഇന്നലെ 49.55മില്ലിമീറ്റർ മഴയാണ് ജില്ലയിൽ പെയ്തത്.