ആലപ്പുഴ: നെഹ്രുട്രോഫി ജലമേളയുടെ സംപ്രേക്ഷണാവകാശം സ്വകാര്യ ഏജൻസിക്കു കൈമാറിയതോടെ പ്രാദേശിക പത്ര, ദൃശ്യ മാദ്ധ്യമങ്ങൾക്ക് ഇക്കുറി നിയന്ത്രണം കൊണ്ടുവരുന്നത് പ്രതിഷേധത്തിനു വഴിയൊരുക്കുന്നു. ഫിനിഷിംഗ് പോയിന്റിൽ നിന്ന് ഏജൻസി കൈമാറുന്ന ദൃശ്യങ്ങൾ മാത്രം പ്രക്ഷേപണം ചെയ്യേണ്ട അവസ്ഥയാണിപ്പോൾ.
മുൻവർഷങ്ങളിൽ വള്ളംകളി മത്സരം റിപ്പോർട്ട് ചെയ്യാനുള്ള പാസുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മുഖേനയാണ് നൽകിയിരുന്നത്. ഇക്കുറിയും അതിനുള്ള അപേക്ഷ ജില്ലാ ഇൻഫർമേഷൻ ഓഫീസ് എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളിലും നിന്ന് വാങ്ങിയെങ്കിലും അത് പറ്റില്ലെന്ന നിലപാടിലാണ് സംപ്രേക്ഷണാവകാശം വാങ്ങിയ ഏജൻസി. ദേശീയ തലത്തിലുള്ള ചാനലുകളിലൂടെ വള്ളംകളിയെ ക്രിക്കറ്റ് മത്സരം പോലെ കാണിക്കുകയാണ് ലക്ഷ്യം. ഇതിനായി ഏജൻസി പ്രത്യേക കാമറകൾ സ്ഥാപിക്കും. മറ്റ് മാദ്ധ്യമങ്ങൾക്ക് ഫിനിഷിംഗ് പോയിന്റിൽ പ്രവേശനമില്ല. നെഹ്രുട്രോഫി വള്ളംകളിയെ ജനങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത് മാദ്ധ്യമ വാർത്തകളും ചിത്രങ്ങളുമായിരുന്നു. 66 വർഷമായി പിന്തുടർന്ന ഈ രീതിയാണ് സംപ്രേക്ഷണ വിൽപ്പനയിലൂടെ ഇല്ലാതായിരിക്കുന്നത്.
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരമടക്കമുള്ള സംപ്രേക്ഷണാവകാശമാണ് ഏജൻസിക്ക് നൽകിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ളവരാണ് ഏജൻസിക്ക് പിന്നിൽ. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക് പ്രാധാന്യം നൽകി ഭാവിയിൽ നെഹ്രുട്രോഫിയെ പിന്നാട്ട് നയിക്കാനെ ഇത് ഇടയാക്കൂ എന്ന ആക്ഷേപം വിവിധ കോണുകളിൽ നിന്നുയർന്നിട്ടുണ്ട്.
മഴ ചതിക്കുമോ
മഴ കനക്കുകയും കുട്ടനാട്ടിൽ വെള്ളം ഉയരുകയും ചെയ്താൽ അത് വള്ളംകളിയെ ബാധിക്കും. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് വള്ളംകളി സുഗമമായി നടക്കുമെന്ന് മന്ത്രി തോമസ് എെസക്ക് പറഞ്ഞു. എന്നാൽ അതിശക്തമായ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള ഓറഞ്ച് അലർട്ട് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് മഴ കനക്കുകയും കുട്ടനാട്ടിൽ വെളളം പൊങ്ങുകയും ചെയ്താൽ കഥമാറും. കഴിഞ്ഞവർഷം വള്ളംകളിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴായിരുന്നു കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായത്. അങ്ങനെ വള്ളംകളി മാറ്റിവച്ചു. ഒടുവിൽ പ്രളയമൊക്കെ അവസാനിച്ച് മൂന്ന് മാസം കഴിഞ്ഞാണ് വള്ളംകളി നടത്തിയത്.
ആലപ്പുഴക്കാരുടെ ഉത്സവമായ വള്ളംകളി ആഘോഷമാക്കി മാറ്റാൻ നാട്ടുകാരും ഒരുങ്ങി നിൽക്കുകയാണ്. ആഴ്ചകളായി ക്ളബ്ബുകൾ തുഴച്ചിൽ പരിശീലനത്തിലാണ്.