വള്ളികുന്നം: അപകടഭീതിയോടെയേ ബണ്ട് റോഡിലൂടെ യാത്രചെയ്യാൻ കഴിയൂ. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ പുത്തൻചന്ത - കാഞ്ഞിരത്തുംമൂട് റോഡിൽ വള്ളികുന്നം ചിറയ്ക്കും - പുഞ്ചയ്ക്കും മദ്ധ്യേയുള്ള ബണ്ട് റോഡിനെക്കുറിച്ചാണ് പറയുന്നത്. സംരക്ഷണ വേലിയും സുരക്ഷാ സൂചക ബോർഡുകളും ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
വള്ളികുന്നം ചിറയുടെ ഓരം ചേർന്ന് കടന്നു പോകുന്ന റോഡിൽ മഴക്കാലമായതോടെ ചിറയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇതു വഴി കടന്നു പോകുന്ന വാഹനങ്ങൾ എതിർ ദിശയിൽ നിന്നും വരുന്ന മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വശങ്ങളിലേക്ക് മറിയുന്നതും യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും പതിവാണ്. വള്ളികുന്നം കിഴക്കൻ മേഖലയിലെ കാഞ്ഞിരത്തും മൂട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേയും പടിഞ്ഞാറൻ മേഖലയിലെ ചൂനാട്, മണയ്ക്കാട് എന്നിവിടങ്ങളിലുമുള്ള സ്കൂളുകൾ, ബാങ്കുകൾ , വിവിധ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് നിത്യേന നിരവധി പേരാണ് റോഡിനെ ആശ്രയിക്കുന്നത്.
.........
റോഡിനു ഇരുവശങ്ങളിലും സുരക്ഷാ വേലിയോ സൂചനാ ബോർഡോ സ്ഥാപിക്കണം. നാട്ടുകാരുടെ ആവശ്യം. ചിറയ്ക്ക് സമീപമുള്ള വൈദ്യുത വിളക്കുകൾ രാത്രികാലങ്ങളിൽ തെളിയാറില്ല. ഇതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളിൽ ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു. എത്രയും വേഗം റോഡിന്റെ അപകട സ്ഥിതിക്ക് പരിഹാരം കാണണം.
നാട്ടുകാർ