ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് അച്ചടി മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്ക് പബ്ലിസിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ നെഹ്രുട്രോഫി മാദ്ധ്യമ അവാർഡിന് കേരളകൗമുദി ആലപ്പുഴ യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ പി. അഭിലാഷ് അർഹനായി. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്‌കാരം നാളെ ആലപ്പുഴ പുന്നമടയിൽ നടക്കുന്ന 67-ാമത് നെഹ്രുട്രോഫി ജലമേളയുടെ ഉദ്ഘാടന വേദിയിൽ സമ്മാനിക്കും. കഴിഞ്ഞ വർഷത്തെ നെഹ്രുട്രോഫി ജലമേളയുമായി ബന്ധപ്പെട്ട് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച 'ഫിനിഷിംഗ് പോയിന്റ്' എന്ന വാർത്താ പരമ്പരയ്ക്കാണ് അവാർഡ്. നെഹ്രുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനായ കളക്ടർ ഡോ.അദീല അബ്ദുള്ളയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മാദ്ധ്യമ പ്രവർത്തകയായ സിത്താര സിദ്ധകുമാറാണ് അഭിലാഷിന്റെ ഭാര്യ. മക്കൾ: തീർത്ഥ, ശിവ.