thah



കുട്ടനാട്: തലവടിയിലും എടത്വയിലും രണ്ടു ദിവസമായി വീശിയടിക്കുന്ന ചുഴലിക്കാറ്റിൽ വലിയ നാശം. നിരവധി വീടുകൾ തകർന്നു. വൻമരങ്ങൾ ഉൾപ്പെടെ കടപുഴകി വീണു. വൈദ്യുതി ബന്ധം പലയിടങ്ങളിലും നിലച്ചു. നാശനഷ്ടങ്ങളുടെ കണക്ക് റവന്യു വകുപ്പ് അധികൃതർ തിട്ടപ്പെടുത്തി വരുന്നു.
ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകർന്നെങ്കിലും രാത്രിയിൽ കാറ്റ് ശമിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ ആഞ്ഞടിച്ച കാറ്റിൽ വൻനാശമാണ് ഉണ്ടായത്. ഒട്ടുമിക്കയിടത്തും മരങ്ങൾ കടപുഴകി വീണാണ് വീടുകൾക്ക് കനത്ത നാശമുണ്ടായത്. ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തിയതോടെ പലയിടങ്ങളും ഇരുട്ടിലായി. കാറ്റിനൊപ്പം കനത്ത മഴയും കൂടി എത്തിയതോടെ ദുരിതം ഇരട്ടിച്ചു.
തലവടി മുണ്ടുതോട് സുകുമാരൻ, വെളുത്തേടത്ത് ശോഭന, തൊണ്ടുപറമ്പിൽ പൊന്നമ്മ ഗോപിനാഥ്, ചക്കുളത്തുകാവ് കുതിരച്ചാൽ കോളനിയിൽ അച്ചൻകുഞ്ഞ്, കോളനി നിവാസിയായ മുരളി എന്നിവരുടെ വീടുകൾ മരം വീണ് പൂർണ്ണമായും നശിച്ചു. എടത്വ പഞ്ചായത്തിൽ കോഴിമുക്ക് കറുകയിൽ പുത്തൻപുര നാലിൽ തോമസ് സെബാസ്റ്റ്യന്റെ വീട് മരം വീണ് തകർന്നു. കല്ലുപുരയ്ക്കൽ ആന്റപ്പൻ, തകഴി പഞ്ചായത്ത് ചെക്കിടിക്കാട് നാല്പതാംകളത്തിൽ തങ്കമണി, ചെക്കിടിക്കാട് ഒതളപ്പറമ്പിൽ ജോജി ജോസഫ്, മൂലയിൽ തങ്കച്ചൻ എന്നിവരുടെ വീടുകൾക്കും കനത്ത നാശമുണ്ടായി.
ഓണ നാളുകളിൽ വിളവെടുക്കാൻ നിറുത്തിയിരുന്ന വാഴ, പച്ചക്കറി എന്നിവ പൂർണ്ണമായും നശിച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ ഇന്നലെ രാവിലെ മുതൽ കിണഞ്ഞ് പരിശ്രമിച്ച് വൈകിട്ടോടെ വൈദ്യുതി ബന്ധം ഭാഗികമായി പുന:സ്ഥാപിച്ചെങ്കിലും വൈകിട്ടുണ്ടായ ചുഴലിക്കാറ്റോടെ വൈദ്യുതി വീണ്ടും വിച്ഛേദിക്കപ്പെട്ടു.
കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. തലവടി പഞ്ചായത്ത് കുതിരച്ചാൽ കോളനിയിൽ അച്ചൻകുഞ്ഞിന്റെ വീട് കുട്ടനാട് തഹസിൽദാർ വിജയസേനന്റെ നേതൃത്വത്തിലുള്ള റവന്യു, ജനപ്രതിനിധി സംഘം സന്ദർശിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ, ഡപ്യൂട്ടി തഹസിൽദാർ സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, ലാലി അലക്‌സ്, മണിദാസ് വാസു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
.