photo

ചേർത്തല:നങ്ങേലിക്കവല (വടക്കേ അങ്ങാടി കവല) വികസനത്തിന്റെ രൂപരേഖ തയാറാക്കുന്നതിന് തുടക്കമായി..സർക്കാർ ഏജൻസിയായ നാ​റ്റ്പാക്കിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ രൂപരേഖ പൂർത്തിയാക്കാനാണ് നിർദ്ദേശം. 6 ഉദ്യോഗസ്ഥരാണ് രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നത്. ഒന്നിലധികം മാതൃകകൾ തയാറാക്കി ഇവർ പൊതുമരാമത്ത് വകുപ്പിന് കൈമാറും.പൊതുമരാമത്ത് വകുപ്പാണ് അന്തിമ തീരുമാനമെടുക്കുന്നത്. കവലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച ശേഷമാകും ഏത് ആകൃതിയിലാകണം കവല വികസിപ്പിക്കേണ്ടതെന്ന തീരുമാനത്തിലെത്തുക.

ഇതോടൊപ്പം നഗരത്തിന്റെ വടക്ക് കിഴക്കേ അതിർത്തിയിലെ ചെങ്ങണ്ട വളവിന്റെ വികസനത്തിന്റെ രൂപരേഖയും തയാറാക്കും.നാ​റ്റ്പാക് പ്രിൻസിപ്പൽ ടെക്‌നിക്കൽ ഓഫീസർ കെ.എം.സെയ്തുമുഹമ്മദ്,ടെക്‌നിക്കൽ ഓഫിസർ ഇ.പി. സുരേന്ദ്രൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.

 നടപടി പ്രതിഷേധത്തിനൊടുവിൽ

തുക അനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നങ്ങേലികവലയുടെ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് പ്രതിഷേധത്തിന് കാരണമായിരുന്നു. സ്വകാര്യ വസ്തുക്കൾ വിട്ടുനൽകിയ സ്ഥലങ്ങളുടെ രജിസ്ട്രേഷൻ മാസങ്ങൾ കഴിഞ്ഞിട്ടും നടത്താതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. സ്ഥലം ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരത്തിനും കവലയുടെ വികസനത്തിനുമായി 8.5 കോടിയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.ഇതിന് പുറമേ മന്ത്രി പി.തിലോത്തമൻ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടും കോടിയും അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം മന്ത്രി പി.തിലോത്തമന്റെ സാന്നിദ്ധ്യത്തിൽ ജില്ല കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ വികസനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

വിവരം ശേഖരിക്കുന്നത്

 കവലയിലൂടെ പ്രതിദിനം എത്ര വാഹനങ്ങൾ കടന്നു പോകുന്നു

 അതിൽ വലുതും ചെറുതുമായ വാഹനങ്ങൾ എത്ര

 നിലവിൽ റോഡിന്റെയും കവലയുടെയും വീതി,നീളം

 ഏ​റ്റെടുക്കാൻ പോകുന്ന സ്ഥലത്തിന്റെ അളവ്