ചേർത്തല: കിഫ്ബിയിൽ ഉൾപ്പെടുത്തി 19.91 കോടി അനുവദിച്ച നെടുമ്പ്രക്കാട്- വിളക്കുമരം പാലം യാഥാർത്ഥ്യത്തിലേക്ക്. അനുവദിച്ച തുകയിൽ 60ലക്ഷം രൂപ അപ്രോച്ച് റോഡിനാണ്. ഇതിനുള്ള കൂടുതൽ തുക അടുത്ത ഘട്ടത്തിലോ എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നോഅനുവദിച്ച് പൂർത്തിയാക്കാനാണ് തീരുമാനം.
30കോടിയാണ് പാലത്തിനായി ബഡ്ജറ്റിൽ വകകൊള്ളിച്ചിരുന്നതെങ്കിലും കിഫ്ബി അധികൃതരുടെ പരിശോധനയിൽ ആദ്യഘട്ടത്തിൽ പാലം നിർമ്മിക്കുന്നതിനായി 19.91 കോടിയാണ് അനുവദിച്ചത്. ചേർത്തല-അരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. ചെങ്ങണ്ട കായലിൽ 136 മീറ്റർ നീളത്തിലും 11മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്.
2005 ജനുവരി 15 ന് അന്നത്തെ മുഖ്യമന്ത്റി എ.കെ.ആന്റണിയാണ് തറക്കല്ലിട്ടത്. മൂന്നു ബീമുകൾ പൂർത്തിയായപ്പോഴേക്കും നിർമ്മാണം നിലച്ചു. രണ്ടുകോടി രൂപ ചെലവിൽ രണ്ടുവർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അപര്യാപ്തമാണെന്നു കണ്ട് പിന്നീട് ആറരക്കോടിയായി വർദ്ധിപ്പിച്ചെങ്കിലും പാലത്തിന്റ പ്രാഥമിക രൂപരേഖയിൽ മാറ്റംവരുത്തിയതിനാൽ തുക തികയില്ലെന്ന് അറിയിച്ച് കരാറുകാരൻ പിൻവാങ്ങി. മന്ത്റി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി എന്നിവരുടെ ശ്രമഫലമായാണ് ഒടുവിൽ പാലം യാഥാർത്ഥ്യത്തിലേക്കെത്തിയിരിക്കുന്നത്.
നെടുമ്പ്രക്കാട്- വിളക്കുമരം പാലം
ചേർത്തല-അരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു
ചെങ്ങണ്ട കായലിൽ 136 മീറ്റർ നീളത്തിലും 11മീറ്റർ വീതിയിലുമാണ് പാലം
2005 ജനുവരി 15 ന് അന്നത്തെ മുഖ്യമന്ത്റി എ.കെ.ആന്റണി തറക്കല്ലിട്ടു
19.91 കോടിയാണ് പാലം നിർമ്മാണത്തിനനുവദിച്ചത്