photo

ചേർത്തല: താലൂക്കിൽ മഴയിലും കാറ്റിലും കനത്ത നാശം . വ്യാഴാഴ്ച വൈകിട്ട് മുട്ടത്തിപ്പറമ്പ് കവലയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽ മരംവീണ് യുവാവിന് ഗുരുതര പരിക്കേ​റ്റു. മുട്ടത്തിപ്പറമ്പ് ശാരദാഭവനിൽ ശശികുമാറിന്റെ മകൻ ശരൺകുമാറിനാണ് (22) പരിക്കേ​റ്റത്.

കടക്കരപ്പള്ളി, തണ്ണീർമുക്കം,മുഹമ്മ പഞ്ചായത്തുകളിലാണ് വീടുകൾ കൂടുതലായി തകർന്നത്. പലയിടങ്ങളിലായി വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. തണ്ണീർമുക്കം മുഹമ്മ റോഡിൽ മരം വീണ് ഗതാഗതം ഏറെനേരം തടസപെട്ടു.മുഹമ്മ പഞ്ചായത്ത് 6,14 വാർഡുകളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. 6-ാം വാർഡ് ചാണിവെളിയിൽ ഹരിദാസ്, പ്രസന്നൻ, രത്നാകരൻ, തിലകൻ, സതീശൻ, കടുത്തുരുത്തി അപ്പച്ചൻ എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡിൽ കിഴക്കേ വെളിച്ചിറ ഭവാനിയുടെ വീട് മരംവീണു തകർന്നു. വീട്ടിലുണ്ടായിരുന്ന കുട്ടിയെ രക്ഷിക്കുന്നതിനിടെ ഓടുവീണ് മരുമകൾ സൂര്യ പ്രദീപിന് പരിക്കേ​റ്റു. ഏതു സ്ഥിതിഗതികളും നേരിടാൻ സജ്ജമാണെന്ന് തഹസിൽദാർ ആർ.ഉഷ അറിയിച്ചു.

 നാടാകെ ഇരുട്ടിൽ

തുറവൂർ: കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ തെങ്ങുകളും മരങ്ങളും വാഴകളും വ്യാപകമായി നശിച്ചു. വിവിധയിടങ്ങളിൽ മരങ്ങൾ വീണു വൈദ്യുതി കമ്പി പൊട്ടുകയും പോസ്റ്റ് ഒടിയുകയും ചെയ്തതിനെ തുടർന്ന് ഒട്ടുമിക്ക പ്രദേശങ്ങളളും ദുരിതത്തിലായി.

കുത്തിയതോട് 33 കെ.വി സബ് സ്റ്റേഷനിലെ ഒരു ട്രാൻസ് ഫോർമർ ഇടിമിന്നലിൽ തകർന്നു. ചമ്മനാട് മോഹം ആശുപത്രിക്ക് കിഴക്ക്, ചമ്മനാട് ഗ്രീൻലാന്റിനു കിഴക്ക്, കോടംതുരുത്ത് പഞ്ചായത്ത് ഓഫീസിന് കിഴക്ക്, കുറുക്കൻ പളളിക്ക് പടിഞ്ഞാറ് ആലംതറ, പളളിത്തോട് പാട്ടം സ്‌കൂളിനു സമീപം എന്നിവിടങ്ങളിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി.ചമ്മനാട് പടിഞ്ഞാറ് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു.

കുത്തിയതോട് പഞ്ചായത്തിലെ പൊൻപുറം,കൂപ്ലിത്തറ,കണ്ണാട്ട്,പാടത്ത്, ഇരുമ്പൻചിറ കോളനി,വടക്കേത്തലക്കൽ,കാനാപറമ്പ്‌കോളനി, കണ്ണേക്കാട്ട്, കൊല്ലാറ,നെരിയിൽ,തഴുപ്പ്,മരിയപുരം,പുതുകാട്ടുവെളി,രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത് എന്നിവിടങ്ങളിലെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെളളത്തിലാണ്.

തുറവൂർ പഞ്ചായത്തിൽ കളരിക്കൽ, ഹേലാപുരം, പുത്തൻചന്ത കിഴക്ക്,ചൂർണ്ണിമംഗലം,കാടാത്തുരുത്ത്,ആലുംവരമ്പ്,വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തിൽ പുത്തൻപുര, മോന്തച്ചാൽ,ചെരുങ്കൽ,ചങ്ങരം, വല്ലത്തോട് കിഴക്ക്, കരുമാഞ്ചേരി പടിഞ്ഞാറൻ മേഖല,വട്ടക്കാൽമുക്ക് എന്നിവിടങ്ങളിലെ വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

 ശമിക്കാതെ കാറ്റും മഴയും

പൂച്ചാക്കൽ: തൈക്കാട്ടുശേരി, പാണാവള്ളി, പള്ളിപ്പുറം മേഖലകളി

ലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. രാവിലത്തെ ശക്തമായ കാറ്റിൽ മാക്കേക്കടവ്- തൈക്കാട്ടുശേരി റോഡിൽ ചീരാത്തുകാട് ജംഗ്ഷന് കിഴക്കുവശം വലിയ തണൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ള കാറ്റാടിമരമാണ് വീണത്. ഇവിടെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. 11 കെവി ലൈൻ പോസ്റ്റ് ഒടി‍ഞ്ഞതോടെ പൂച്ചാക്കൽ മുതൽ ചേർത്തലവരെ വൈദ്യുതി ബന്ധം പൂർണമായും തടസപ്പെട്ടു. വൈക്കം മാർക്കറ്റിലേക്ക് കക്കയുമായി വേമ്പനാട്ട് കായലിലുടെ വള്ളത്തിൽ പോയ മത്സ്യത്തൊഴിലാളി വള്ളംമറിഞ്ഞു കായൽ വീണു എന്ന അഭ്യൂഹം പരന്നതോടെ വേമ്പനാട്ട് കായലിൽ റെസ്ക്യു ബോട്ടിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി. എന്നാൽ ഇയാൾ വൈക്കത്ത് എത്തി എന്നറിഞ്ഞതോടെയാണ് തെരച്ചിൽ നിറുത്തിയത്. മാക്കേക്കടവ് തൈക്കാട്ടുശേരി ചെട്ടുകാട്ടുവെളി രാധാകൃഷ്ണന്റെ ഫർണിച്ചർ കടയ്ക്ക് മുകളിൽ മരം വീണ് കട പൂർണമായും തകർന്നു. അടുവയിൽ തോട്ടുപുറത്ത് അനിൽകുമാറിന്റെ വീടിന്റെ ഒരു ഭാഗം മരം വീണ് പൂർണമായും തകർന്നു.