 കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു

ആലപ്പുഴ: കനത്ത മഴയും പ്രളയ ഭീതിയും ജില്ലയിലാകെ ആശങ്ക നിറയ്ക്കുന്നു. കടന്നു പോയ പ്രളയത്തിന്റെ വാർഷികത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തനിയാവർത്തനം പോലെയുള്ള പ്രകൃതിയു‌ടെ പെരുമാറ്റമാണ് നെഞ്ചിടിപ്പു കൂട്ടുന്നത്. പ്രളയത്തിന്റെ വേദനയിൽ നിന്ന് നാട് കരകയറിയതേയുള്ളൂ. സ്വരൂപിച്ച് വച്ചതെല്ലാം വെള്ളം കൊണ്ടുപോയ ദിനങ്ങളിൽ നിന്ന് മെല്ലേ മെല്ലേ മുന്നോട്ടു വരികയായിരുന്നു ജില്ല. മഴയും വെള്ളവുമൊന്നും മുമ്പ് കുട്ടനാട്ടുകാർക്ക് ഒരു പ്രശ്നമേയല്ലായിരുന്നു. ഇന്ന് അതല്ല, ഭീതിപ്പെടുത്തുകയാണ്. മറ്റ് ജില്ലകളിൽ വെള്ളപ്പൊക്കവും മലയിടിച്ചിലും ദുരന്തങ്ങളാകുമ്പോൾ അങ്ങനെയൊന്നുണ്ടാകരുതേ എന്നവർ ഉള്ളുരുകി പ്രാർത്ഥിക്കുകയാണ്.

മരങ്ങൾ വീണ് ഇരുന്നൂറോളം വീടുകൾ ജില്ലയിൽ തകർന്നു. ആലപ്പുഴ മാളികമുക്കിൽ റെയിൽവേ ട്രാക്കിൽ തേക്ക് മരം ഒടിഞ്ഞുവീണ് ഇലക്ട്രിക് ലൈൻ കത്തിപ്പോയതിനാൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ഇന്നലെ പുലർച്ച മൂന്ന് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പിൽ നിന്ന മരം കനത്തമഴയിലും കാറ്റിലും ഒടിഞ്ഞ് റെയിൽവേ ലൈനുകൾക്ക് മുകളിലേക്കു വീഴുകയായിരുന്നു. ലൈനുകൾ തമ്മിൽ ഉരസി തീപിടിച്ച് മരവും ലൈനുകളും കത്തി ട്രാക്കിലേക്ക് വീണു. ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെയോടെ മാത്രമേ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുകയുള്ളൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വീണ്ടുമാെരു പ്രളയത്തിന്റെ ഭീതിയിലാണ് കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. ജലനിരപ്പ് ഉയരുന്നുണ്ട്. എങ്കിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം ഉയർന്നത്ര തോതിലേക്ക് എത്തിയിട്ടില്ലെന്നു മാത്രം. ഇന്നലെ ഉച്ചയ്ക്ക്ശേഷം മഴ മാറി നിന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ ദിവസവും പകൽ മഴയില്ലായിരുന്നു. എന്നാൽ സന്ധ്യയ്ക്ക് തുടങ്ങിയ മഴ രാത്രിയിൽ കനത്ത നാശം വിതയ്ക്കുകയായിരുന്നു.

ചെങ്ങന്നൂരിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എട്ട് കുടുംബങ്ങളിലെ 25 പേർ ക്യാമ്പിൽ കഴിയുകയാണ്. മുൻകരുതൽ എന്ന നിലയിൽ ഏഴിടത്ത് സുരക്ഷാ ക്യാമ്പുകൾ തുറന്നു. ചെങ്ങന്നൂർ, എടനാട്, തലവടി, കൊരിശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് സുരക്ഷാ ക്യാമ്പുകൾ. അത്യാവശ്യഘട്ടത്തിൽ സുരക്ഷാ ക്യാമ്പുകളിലേക്ക് ജനങ്ങൾക്ക് മാറാവുന്നതാണ്. മന്ത്രി ജി.സുധാകരൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നു. തിരുവനന്തപുരം പാങ്ങോട് നിന്ന് 25 അംഗ ദുരന്തനിവാരണ സേന എത്തിയിട്ടുണ്ട്. ഇവരെ അടിയന്തര മേഖലയിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരിക്കുകയാണ്. ഇനിയൊരു പ്രളയമുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സന്നാഹങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.

 സുരക്ഷാ ക്യാമ്പുകൾ

മഴക്കെടുതി ശക്തമായ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷാ ക്യാമ്പുകൾ തുടങ്ങി. ചെങ്ങന്നൂർ, എടനാട്, തലവടി, കൊരട്ടിശേരി, മുട്ടാർ, എടത്വ, പാണ്ടനാട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്ക് താമസ സ്ഥലത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടെങ്കിൽ നേരത്തേതന്നെ ക്യാമ്പുകളിലേക്ക് മാറാൻ അവസരം ഒരുക്കും. മഴക്കെടുതിയെത്തുടർന്ന് ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്.

 25 അംഗ പാങ്ങോട് സംഘം

മഴ ദുരന്തം നേരിടുന്നതിന് പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്) ആലപ്പുഴയിലെത്തി.ഇവരെ അടിയന്തര മേഖലകളിൽ വിന്യസിക്കും.ഒരു ലഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ കളക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കും. രണ്ട് സംഘങ്ങളെക്കൂടി ജില്ലയിലേക്ക് ആവശ്യമായി വരികയാണെങ്കിൽ നൽകുന്നതിനായി പാങ്ങോട് സജ്ജമാക്കി നിറുത്തിയിട്ടുണ്ട്.

 10 ടോറസ് വാഹനങ്ങൾ

ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട് 10 ടോറസ് വാഹനങ്ങൾ തയ്യാറാക്കി നിറുത്താൻ കളക്ടർ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തിൽ നടന്ന അടിയന്തര ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആവശ്യമായ ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ച് വയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോർട്ട് ഓഫീസറോട് ഹൗസ് ബോട്ടുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, സബ്കളക്ടർ വി.ആർ.കൃഷ്ണതേജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 പോർട്ടലും റെഡി

മഴക്കെടുതിയുള്ള പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായവർക്ക് സർക്കാർ പോർട്ടലായ keralarescue.inൽ രജിസ്റ്റർ ചെയ്യാം. പോർട്ടലിൽ രക്ഷാപ്രവർത്തനത്തിന് സഹായം അഭ്യർത്ഥിക്കാനും കാണാതായവരെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും സൗകര്യമുണ്ട്. റിലീഫ് ദുരിതാശ്വാസ ക്യാമ്പുകൾ, സംഭാവന, അറിയിപ്പുകൾ തുടങ്ങിയ വിവരങ്ങളെല്ലാം പോർട്ടലിൽ ലഭ്യമാണ്.

 മുന്നിൽ മന്ത്രി ജി.സുധാകരൻ

ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രി ജി.സുധാകരനാണ് നേതൃത്വം നൽകുന്നത്. അന്ധകാരനഴി, തണ്ണീർമുക്കം, തോട്ടപ്പള്ളി സ്പിൽവേ, ആലപ്പുഴ, ചങ്ങനാശേരി റോഡ് എന്നിവിടങ്ങൾ മന്ത്രി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി..

 കടലിൽ ഇറങ്ങരുത്

മഴ കനത്ത സാഹചര്യത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാദ്ധ്യത പരിഗണിച്ച് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഇറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

 രണ്ട് ക്യാമ്പുകൾ

വെള്ളിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. രണ്ട് ക്യാമ്പുകളിലുമായി 8 കുടുംബങ്ങളിലെ 25 പേരാണുള്ളത്. തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 13 പേരും ഗവ. ജെ.ബി.എസ് കീഴ്‌ച്ചേരിമേൽ സ്‌കൂളിൽ 12 പേരുമാണുള്ളത്.

..........................................

#കൺട്രോൾ റൂമുകൾ

 കൺട്രോൾ റൂം ആലപ്പുഴ കളക്ടറേറ്റ്: 0477 2238630, 9495003640, 0477 2236837

 ചേർത്തല: 0478 2813103, 9446369209, 9747557833
 അമ്പലപ്പുഴ: 0477 2253771, 9446061352, 9947076302
 കുട്ടനാട്: 2702221, 9495309730
 കാർത്തികപ്പള്ളി: 0479 2412797, 9847927073, 9446376563
 മാവേലിക്കര: 0479 2302216, 996146768
 ചെങ്ങന്നൂർ: 0479 2452334, 7907220925, 9496739790
 ഫിഷറീസ് കണ്‍ട്രോൾ റൂം 04772251103, 9496007028

................................................

#റദ്ദാക്കിയത് പത്ത് ട്രെയിനുകൾ

 എറണാകളും -ആലപ്പുഴ പാസഞ്ചർ

 ആലപ്പുഴ -എറണാകളും പാസഞ്ചർ

 എറണാകളും -കായംകുളം പാസഞ്ചർ

 കായംകുളം -എറണാകുളം പാസഞ്ചർ

 കൊല്ലം -എറണാകുളം മെമു (കോട്ടയം വഴി)

 എറണാകുളം -കൊല്ലം മെമു (കോട്ടയം വഴി)

 കൊല്ലം -എറണാകളും മെമു (ആലപ്പുഴ വഴി)

 എറണാകുളം- കൊല്ല (ആലപ്പുഴ വഴി)

........................................................