കുട്ടനാട്: ചുഴലിക്കാറ്റിലും മഴയിലും എടത്വ കോഴിമുക്കിൽ വ്യാപകനാശം. മരങ്ങൾ കടപുഴകിയും കാറ്റിലും നിരവധി വീടുകൾ തകർന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി കഴിഞ്ഞു. എ..സി റോഡിൽ പലയിടങ്ങളിലും വെള്ളമായി. ശക്തമായ കാറ്റിലും കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിലും 30ളം വീടുകൾ ഭാഗികമായും എട്ടു വീടുകൾ പൂർണ്ണമായും നശിച്ചിരുന്നു. വൻമരങ്ങൾ കടപുഴകി വീണാണ് കൂടുതലും നാശമുണ്ടായത്..
കോഴിമുക്ക് സെന്റ് ജോസഫ് പള്ളി വികാരി താമസിക്കുന്ന കെട്ടിടത്തിന്റെ ഷീറ്റുകൾ പറന്നുപോയി. പള്ളി ആഡിറ്റോറിയത്തിന്റെ ഷീറ്റും നെല്ലിക്കൽ ആന്റണി മാത്യുവിന്റെ വീടിന്റെ ഷീറ്റുകളും പറന്ന് നെല്ലിക്കൽ മാർട്ടിന്റെ വീടിന്റെ പുറത്ത് വീണ് വീട് പൂർണ്ണമായും തകർന്നു. കൂറ്റൻ മരം വീണ് കന്നയിൽ ജിമ്മിച്ചൻ,കന്നയിൽ ജയിംസ്,കന്നയിൽ ആന്റണി, പൂവത്തകുന്നേൽ പി.സി. ജോസഫ് , തെക്കേപേരങ്ങാട് ഔസേപ്പച്ചൻ എന്നിവരുടെ വീട് തകർന്നു. ആൻറണിയുടെ കാലിത്തൊഴുത്തും ചുഴലിക്കാറ്റിൽ നിലംപൊത്തി. ശക്തമായ കാറ്റിൽ മിത്രക്കരി കൊച്ചു മങ്കോട്ടയിൽ ജനാർദ്ദനന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും നശിച്ചു. ജനാർദ്ദനനും ഭാര്യ ലളിതയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി കുഴിപ്പടവ് പാടശേഖരത്തേക്ക് വീഴുകയും വൈദ്യുതി പോസ്റ്റുകൾ ചരിയുകയും ചെയ്തു.