a

മാവേലിക്കര: മഴക്കെടുതികൾ കാരണം റെയിൽവെ ദീർഘദൂരട്രെയിനുകൾ പലതും യാത്രക്കിടെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. പാതിവഴിയിൽ ട്രെയിൻ സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധിച്ച യാത്രക്കാരെ റെയിൽവെ പൊലീസ് സാഹചര്യം ബോദ്ധ്യപ്പെടുത്തി ശാന്തരാക്കി.

ഇന്നലെ രാവിലെ കായംകുളത്ത് കൊച്ചുവേളി ഇൻഡോർ എക്‌സ്പ്രസും കേരള സൂപ്പർ ഫാസ്റ്റ് ട്രെയിനും പിടിച്ചിട്ടു. രാവിലെ തന്നെ ആലപ്പുഴയിലൂടെ പോകുന്ന ആറ് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടതായുള്ള അറിയിപ്പുണ്ടായിരുന്നു. ഇതനുസരിച്ച് ഹ്രസ്വദൂരയാത്രക്കാർ ട്രെയിൻമാറി കയറിയാണ് യാത്ര തുടർന്നത്. ദീർഘദൂരം യാത്രക്കാർക്ക് പാലക്കാടിന് അപ്പുറം ട്രെയിൻ സർവീസ് ഉണ്ടാകി​ല്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ എറണാകുളത്തു നിന്നും ടൂറിസ്റ്റ് ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര തുടരുകയായിരുന്നു. എന്നാൽ ട്രെയിൻ വൈകി യതിനാൽ പലർക്കും ബസിന്റെ സമയത്തിന് അവിടെ എത്തിപ്പെടാനും കഴിഞ്ഞില്ല.

ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെ കായംകുളം സ്റ്റേഷനിലെത്തിയ ഇൻഡോർ എക്‌സ്പ്രസ് അവിടെ വച്ച് സർവീസ് അവസാനിപ്പിക്കുകയും തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുകയും ചെയ്തു. ഈ വണ്ടിയിൽ വന്ന ദീർഘദൂരയാത്രക്കാർ കൗണ്ടറിന് മുന്നിൽ നീണ്ട ക്യൂ നിന്നാണ് ടിക്കറ്റിന്റെ പണം തിരിച്ചുവാങ്ങിയത്. ഇതിനും മണിക്കൂറുകൾ പാഴായതായി യാത്രക്കാർ പരാതിപ്പെട്ടു.