മാവേലിക്കര: കുറത്തികാട് എൻ.എസ്.എസ് സ്ക്കൂളിന് സമീപം സ്വകാര്യവ്യക്തി നീരൊഴുക്ക് തോട് അടച്ചതിനെ തുടർന്ന് അംഗൻവാടിയും വീടുകളും വെള്ളത്തിലായ സംഭവത്തിൽ കളക്ടർ ഇടപെട്ടു. വില്ലേജ് ഓഫീസറുടെ നിർദ്ദേശപ്രകാരം നാട്ടുകാർ നീരൊഴുക്ക് തടഞ്ഞ് നടത്തിയ കോൺക്രീറ്റ് നിർമ്മാണം പൊളിച്ച് മാറ്റി. കോൺക്രീറ്റ് റോഡിനടിയിൽ സ്ഥാപിച്ച വലിയ പൈപ്പിനുള്ളിൽ കോൺക്രീറ്റ് നിറച്ചാണ് നീരൊഴുക്ക് തടഞ്ഞത്. പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ 11ഓടെയാണ് കോൺക്രീറ്റ് നിർമ്മാണം പൊളിച്ച് മാറ്റിയത്. വർഷങ്ങളായി വെള്ളമോഴുകിയിരുന്ന നീരൊഴുക്ക് തോടാണ് ഏതാനം ദിവസം മുമ്പ് നാട്ടുകാർ എതിർപ്പ് വകവെയ്ക്കാതെ സ്വകാര്യവ്യക്തി അടച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ അംഗൻവാടിയും വീടുകളും റോഡും വെള്ളത്തിലായിരുന്നു. എൻ.എസ്.എസ് സ്കൂൾ കൈപ്പള്ളിൽ മുക്ക് റോഡിൽ 35ാം നമ്പർ അംഗൻവാടിക്ക് സമീപം മുട്ടോളം വെള്ളമെത്തിയതോടെ സ്ക്കൂൾ വിദ്യാർഥികൾ കളക്ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ നടപടി ഉണ്ടായത്.