ചേർത്തല:കാറ്റിലും മഴയിലും രണ്ടു ദിവസത്തിനിടെ താലൂക്കിലാകെ 27 വീടുകൾ ഭാഗികമായി തകർന്നു. ഇതിൽ 48എണ്ണം തണ്ണീർമുക്കത്തും 10 എണ്ണം തൈക്കാട്ടുശേരിയിലുമാണ്.
തണ്ണീർമുക്കത്തെ വീടുകൾ തകർന്ന സ്ഥലങ്ങളിലും തണ്ണീർമുക്കം ബണ്ടിലും മന്ത്റി ജി.സുധാകരൻ സന്ദർശനം നടത്തി. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ മന്ത്റി നിർദ്ദേശം നൽകി.തഹസിൽദാർ ആർ.ഉഷ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ്,ഡിവൈ.എസ്.പി എ.ജി.ലാൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മഴയിൽ കനത്ത നാശമുണ്ടായ തണ്ണീർമുക്കത്തിനു അടിയന്തര സഹായമെത്തിക്കണമെന്ന് പഞ്ചായത്ത് ദുരന്തനിവാരണ സമിതിയോഗം ആവശ്യപെട്ടു.മാരാരിക്കുളം മാർക്കറ്റിൽ വർഷങ്ങളായി ചായക്കടനടത്തുന്ന തെക്കേ വെളുത്തശേരിയിൽ ചന്ദ്രബാബുവിന്റെ കടയ്ക്ക് മുകളിൽ പാഴ്മരം വീണ് കടയ്ക്ക് കേടപാടുകൾ സംഭവിച്ചു.
പട്ടണക്കാട്,കഞ്ഞിക്കുഴി,തണ്ണീർമുക്കം എന്നിവിടങ്ങളിലായി അഞ്ചിടത്താണ് റോഡിൽ മരംവീണ് ഗതാഗത തടസമുണ്ടായത്. അഗ്‌നിശമന സേനയുടെ ചേർത്തല യൂണിറ്റെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനസ്ഥാപിച്ചത്.വീടുകൾക്കു മുകളിൽ മരംവീണ സ്ഥലങ്ങളിലും സഹായവുമായി അഗ്‌നിശമനസേന എത്തി.
വൈദ്യുതി മേഖലയിൽ വിവിധയിടങ്ങളിലായി 75 ലക്ഷത്തിലേറെ നഷ്ടമുണ്ടായെന്നാണ് കണക്ക്. പട്ടണക്കാട് പരിധിയിലെ കടക്കരപ്പള്ളിയിൽ മാത്രം അഞ്ചു 11 കെ.വി പോസ്റ്റുകളാണ് ഒടിഞ്ഞത്. 26 എൽ.ടി പോസ്റ്റുകളും ഒടിഞ്ഞു.89 സ്ഥലങ്ങളിലാണ് മരംവീണ് വൈദ്യുതി കമ്പികൾ പൊട്ടിയത്. മുഹമ്മ ഗ്രാമപഞ്ചായത്ത് 12-ാംവാർഡ് തറയ്ക്കൽ ടി.കെ. സഹദേവന്റെ കയർ ഫാക്ടറി മരം വീണ് തകർന്നു.ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മുഹമ്മ നാലാം വാർഡ് തോട്ടുങ്കൽ ജഗദമ്മയുടെ വീടിന് മുകളിൽ തേക്ക് മരം വീണ് മേൽക്കൂര തകർന്നു.തോട്ടുങ്കൽ കാർത്തികേയന്റെ ആട്ടിൻ തൊഴുത്ത് മരം വീണ് ഭാഗികമായി തകർന്നു.മധുസൂദനൻ കല്ലാട്ടിന്റെ വീടിന്റെ രണ്ട് മുറികൾക്ക് കാറ്റിലും മഴയിലും കേടുപാടുകൾ സംഭവിച്ചു. കല്ലാട്ട് രത്തിനന്റെ വീടിന് മുകളിൽ മാഞ്ചിയം മരം കടപുഴകി വീണു.ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും ചെയ്തു. മരം മറിഞ്ഞ് വീണ് മൂന്നാം വാർഡ് പുളിച്ചുവട്ടിൽ രാജേഷിന്റെ വീടിന്റെ ഭിത്തി പൊട്ടി.ചന്ദ്രിക ചേലാട്ട്, പുത്തൻപുര മോഹനൻ എന്നിവരുടെ വീടുകളും തകർന്നു. മഴയിലും കാറ്റിലും പൂച്ചാക്കൽ മേഖലയിൽ മരം വീണ് 15 വീടുകൾ ഭാഗികമായി.തകർന്നു. 16 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.