ജലനിരപ്പ് ഉയരുന്നു
കുട്ടനാട്: എ-സി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും ഗ്രാമീണ മേഖലകളിലും ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടുകാർ വീണ്ടും ആശങ്കയിൽ. താലൂക്കിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും 160 ഭക്ഷണ വിതരണ കേന്ദ്രങ്ങളും തുടങ്ങി.
തലവടി വില്ലേജിലെ രണ്ട് ക്യാമ്പുകളിലായി 58 കുടുംബങ്ങളെയും പുളിങ്കുന്ന് വില്ലേജിൽ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ 28 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. പുളിങ്കുന്ന് 104, മുട്ടാർ 32, കൈനകരി നോർത്ത് 3, കൈനകരി സൗത്ത് 20, കുന്നുമ്മ 1 എന്നിങ്ങനെ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. കാവാലം, പുളിങ്കുന്ന്, വൈശ്യംഭാഗം ജങ്കാർ സർവീസുകൾ നിറുത്തിവച്ചു. ജലനിരപ്പ് ഉയർന്നതോടെ ജങ്കാറിലേക്ക് വാഹനങ്ങൾ സുഗമമായി കയറ്റാൻ സാധിക്കാതെ വന്നതോടെയാണ് ജങ്കാർ അവസാനിപ്പിച്ചത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും മറ്റും താലൂക്കിൽ 115 വീടുകൾ ഭാഗികമായും 5 വീടുകൾ പൂർണമായും തകർന്നു. തലവടിയിൽ മൂന്നും കാവാലം, തകഴി പഞ്ചായത്തുകളിൽ ഓരോ വീടുമാണു പൂർണമായി തകർന്നത്. തലവടി പഞ്ചായത്ത് ഏഴാം വാർഡ് ചക്കുളത്ത് പറമ്പിൽ പൊന്നമ്മ സുരേന്ദ്രന്റെ വീട് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഇടിഞ്ഞുവീണു.
എ-സി റോഡിൽ ഇന്നലെ ഉച്ചയോടെ ഗതാഗതം നിറുത്തിവച്ചത് യാത്രക്കാരെ ഏറെ വലച്ചു. പിന്നീട് ശക്തമായ സമ്മർദ്ദത്തെ തുടർന്ന് വൈകുന്നേരത്തോടെ ബസ് സർവ്വീസ് പുനരാരംഭിച്ചു.എ-സി.റോഡിൽ ഒന്നാങ്കര,പള്ളിക്കൂട്ടുമ്മ,മാമ്പുഴക്കരി, കിടങ്ങറ,പൂവം എന്നിവിടങ്ങളിൽ ശക്തമായ രീതിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ബസ് സർവ്വീസ് നിറുത്തിവച്ചത്. ഇന്ന് ജലനിരപ്പ് വീണ്ടും ഉയരുകയാണങ്കിൽ ബസ് സർവ്വീസ് പൂർണ്ണമായും നിറുത്തിവയ്ക്കുമെന്നാണ് കെ.എസ്.ആർ.ടി സി അധികൃതർ പറയുന്നത്.
റോഡുകളെല്ലാം വെള്ളത്തിൽ
പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങിത്തുടങ്ങി. നീരേറ്റുപുറം, മുട്ടാർ, കിടങ്ങറ, എടത്വ, തായങ്കരി, കൊടുപ്പുന്ന റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്. മുട്ടാർ കിടങ്ങറ റൂട്ടിൽ കുമരംചിറപ്പള്ളി, തായങ്കരി കൊടുപ്പുന്ന റോഡിൽ പഴുതി ഭാഗത്തുമാണ് റോഡിൽ വെള്ളം കയറിയിട്ടുള്ളത്. മുട്ടാർ- കിടങ്ങറ റൂട്ടിൽ ഗതാഗതം നിലച്ചു.മുട്ടാർ, നീരേറ്റുപുറം, കുന്നുമാടി കുതിരച്ചാൽ പുതുവൽ കോളനി, ചക്കുളം, തലവടി തെക്ക്, മണലേൽ, പൂന്തുരുത്തി എന്നീ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. പുതുവൽ കോളനി പ്രദേശവും വെളളത്തിൽ മുങ്ങി. ആലപ്പുഴ- പുളിങ്കുന്ന്, എടത്വയിൽ നിന്ന് കളങ്ങര-മുട്ടാർ, എടത്വ-വീയപുരം- ഹരിപ്പാട് റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ നിറുത്തിച്ചു.