ചാരുംമൂട്: നൂറനാട് കുഷ്ഠരോഗ ആശുപത്രിയിലെ മുതിർന്ന അന്തേവാസി പൊന്നാനി സ്വദേശി പാഞ്ചാലിയമ്മ നിര്യാതയായി. നൂറ് വയസായിരുന്നു. ഭർത്താവും സാനിട്ടോറിയം അന്തേവാസിയുമായിരുന്ന ശങ്കരൻനായർ 30 വർഷം മുമ്പാണ് മരിച്ചത്.
27-ാം വയസിലാണ് പഞ്ചാലിയമ്മ ഭർത്താവിനൊപ്പം സാനിട്ടോറിയത്തിലെത്തിയത്. ഇരുവർക്കും കുഷ്ഠരോഗം ബാധിച്ചിതിനെ തുടർന്ന് കാൽനടയായിട്ടായിരുന്നു ഇവർ ചികിത്സയ്ക്ക് സാനിട്ടോറിയത്തിലെത്തിയത്.പാഞ്ചാലിയമ്മയുടെ ജീവിതം ഒപ്പിയെടുത്താണ് തോപ്പിൽഭാസി 'അശ്വമേധം' നാടകത്തിലെ നായിക സരോജത്തിന് ജന്മം നൽകിയത്. രണ്ടായിരത്തോളം അന്തേവാസികൾ ഉണ്ടായിരുന്ന സാനിട്ടോറിയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും പാഞ്ചാലിയമ്മ മുൻ നിരയിലുണ്ടായിരുന്നു.രണ്ടു വർഷത്തോളമായി അവശനിലയിലായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 8.30ന് സാനിട്ടോറിയം ശ്മശാനത്തിൽ നടക്കും.