ആലപ്പുഴ: ഇന്നലെ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കിഴക്കൻ വെള്ളത്തിന്റെ വരവിൽ പമ്പ, അച്ചൻകോവിൽ, മണിമല ആറുകൾ കരകവിഞ്ഞ് ഒഴുകുന്നു. പമ്പാനദി തീരത്ത് താമസിക്കുന്ന ചെങ്ങന്നൂർ,കുട്ടനാട് താലൂക്കുകളിലുള്ളവരെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ നെൽക്കൃഷി മടവീഴ്ച ഭീഷണി നേരിടുന്നു. 3000ൽ അധികം ഏക്കർ കൃഷി നശിച്ചു. പമ്പാ നദി കവിഞ്ഞ് ഒഴുകുന്നതിനാൽ ആലപ്പുഴ-ചങ്ങനാശേരി റോഡ് പൂർണമായും വെള്ളത്തിലായി. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തിവച്ചു.
മങ്കൊമ്പ്, കിടങ്ങറ ഭാഗങ്ങൾ മുഴുവൻ വെള്ളത്തിലായി. കിടങ്ങറ-ചക്കുളം റോഡും അമ്പലപ്പുഴ-തിരിവല്ല റോഡും ചെന്നിത്തല-ഹരിപ്പാട് റോഡും വെള്ളത്തിൽ മുങ്ങി. വിവിധ ഭാഗങ്ങളിലെ 2000ൽ അധികം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ജനജീവിതം താറുമാറായി. വളർത്തുമൃഗങ്ങളും ദുരിതത്തിലാണ്. കൈനകരി, മുട്ടാർ, നെടുമുടി, തകഴി, രാമങ്കരി, മാന്നാർ,വെളിയനാട്, പുളിങ്കുന്ന്, കാവാലം, പള്ളിപ്പാര്, കരുവാറ്റ, ചെറുതന, വീയപുരം, മുതുകുളം, കൃഷ്ണപുരം,ഹരിപ്പാട്, പാവുക്കര, തെക്കേക്കര, വെട്ടിയാർ,വെൺമണി, ബുധനൂർ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.
ജില്ലാ ദുരന്ത നിവാരണ സെല്ലിന്റെ നിർദ്ദേശപ്രകാരം എൻ.ഡി.ആർ.എഫ് സംഘത്തിന്റെ സഹായത്തോടെ, പുളിങ്കുന്ന് പാലത്തിന് താഴെ അടിഞ്ഞുകൂടിയ മരക്കൊമ്പുകളും തടിക്കഷ്ണങ്ങളും നീക്കിത്തുടങ്ങി. ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി.